ടൊറന്റോ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് തള്ളി, ഒന്റാരിയോ തടാകത്തിന്റെ (Lake Ontario) പേര് മാറ്റാൻ തയ്യാറല്ലെന്ന ഉറച്ച തീരുമാനവുമായി പ്രമുഖ നാവിഗേഷൻ കമ്പനിയായ മാപ്പ്ക്വസ്റ്റ് (MapQuest) രംഗത്ത്. മാപ്പുകളിൽ പഴയ പേര് തന്നെ നിലനിർത്തിയ കമ്പനി, ഈ തീരുമാനത്തിന് ജനപ്രീതി കൂട്ടാനായി വടക്കേ അമേരിക്കയിലുടനീളം വൻ ബിൽബോർഡ് പരസ്യ പ്രചാരണവും ആരംഭിച്ചു.
കാനഡയുമായുള്ള വ്യാപാര തർക്കങ്ങളെ തുടർന്ന്, ഒന്റാരിയോ തടാകത്തിന്റെ പേര് ‘ലേക്ക് അമേരിക്ക’ (Lake America) എന്നാക്കി മാറ്റാൻ കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടത്. ഇതിനെത്തുടർന്ന് ഗൂഗിൾ മാപ്പും ആപ്പിൾ മാപ്പും തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ പേര് മാറ്റിയിരുന്നു. എന്നാൽ, കാനഡ ഈ പേരുമാറ്റം പൂർണ്ണമായും തള്ളിക്കളയുകയാണുണ്ടായത്.
ശ്രദ്ധേയമായി മാപ്പ്ക്വസ്റ്റിന്റെ പരസ്യങ്ങൾ
ഗൂഗിളും ആപ്പിളും പേര് മാറ്റിയ സാഹചര്യത്തിലും തങ്ങളുടെ പാരമ്പര്യം കൈവിടില്ലെന്ന് 90-കളിലെ നാവിഗേഷൻ ഭീമന്മാരായ മാപ്പ്ക്വസ്റ്റ് പ്രഖ്യാപിക്കുകയായിരുന്നു. ഈ തീരുമാനം വലിയ തോതിൽ ജനശ്രദ്ധ ആകർഷിച്ചതോടെ കമ്പനിയുടെ ആപ്പ് ഡൗൺലോഡ് നിരക്കിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്.ഈ ജനപ്രീതി തങ്ങൾക്ക് അനുകൂലമാക്കാനാണ് കമ്പനി ഇപ്പോൾ ഭീമൻ പരസ്യ ബോർഡുകളുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

ന്യൂയോർക്ക്, ചിക്കാഗോ, ലോസ് ആഞ്ചലസ്, സാൻ ഫ്രാൻസിസ്കോ, വാഷിംഗ്ടൺ ഡി.സി എന്നിവയ്ക്ക് പുറമെ കാനഡയിലെ ടൊറന്റോയിലും കമ്പനി പരസ്യ ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു. പണ്ട് കാലത്ത് ആളുകൾ മാപ്പ്ക്വസ്റ്റിൽ നിന്നും വഴി അറിയാൻ പേപ്പറിൽ പ്രിന്റ് ചെയ്തെടുക്കാറുള്ള ‘ടേൺ-ബൈ-ടേൺ’ (Turn-by-turn) ഡയറക്ഷന്റെ മാതൃകയിലാണ് ഈ പരസ്യങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പരസ്യ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തുനിന്നും ലേക്ക് ഒന്റാരിയോയിലേക്ക് കൃത്യമായി എങ്ങനെ പോകാമെന്ന റൂട്ട് മാപ്പാണ് ഇതിൽ നൽകിയിരിക്കുന്നത്. “ഇത് ഇപ്പോഴും ലേക്ക് ഒന്റാരിയോ തന്നെയാണ്. ഞങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്” (It’s still Lake Ontario. And we’re still here) എന്ന വാചകമാണ് പരസ്യങ്ങളിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്നത്.
രാഷ്ട്രീയ തീരുമാനങ്ങൾക്ക് പിന്നാലെ പോകാതെ, ഭൂമിശാസ്ത്രപരമായ യാഥാർത്ഥ്യവും ഉപയോക്താക്കളുടെ വിശ്വാസ്യതയും നിലനിർത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് മാപ്പ്ക്വസ്റ്റ് ജനറൽ മാനേജർ ഡഗ് ബെർഗർ വ്യക്തമാക്കി. ഈ വേറിട്ട പരസ്യ തന്ത്രത്തിലൂടെ വർഷങ്ങൾക്ക് ശേഷം മാപ്പ്ക്വസ്റ്റ് വീണ്ടും ആഗോളതലത്തിൽ ചർച്ചാവിഷയമായിരിക്കുകയാണ്.
