കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശിക്കും. വൈകിട്ട് കോഴിക്കോട് എത്തുന്ന പ്രധാനമന്ത്രി കാരന്തൂർ മർകസിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ പങ്കെടുക്കും. രാത്രി 7.30 മുതൽ 9.30 വരെയാണ് മർകസിലെ ഔദ്യോഗിക പരിപാടികൾ.
ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ‘എക്‌സലൻസ് അവാർഡ്’ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് സമ്മാനിക്കും. ചടങ്ങിൽ മത-സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
മർകസിലെ പരിപാടികൾക്ക് ശേഷം അൻവർ ഇബ്രാഹിം മടവൂർ സിഎം മഖാം സന്ദർശിക്കും. ഇവിടെ ഏകദേശം 20 മിനിറ്റോളം ചെലവഴിച്ച ശേഷം രാത്രി 10 മണിയോടെ താമസസ്ഥലത്തേക്ക് മടങ്ങും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിവിധ മേഖലകളിൽ ഗതാഗത നിയന്ത്രണവും നിലവിലുണ്ടാകും.

ബദൽ റൂട്ടുകൾ
വയനാട് ഭാഗത്ത് നിന്ന്: താമരശ്ശേരി–ബാലുശ്ശേരി–നന്മണ്ട–എരഞ്ഞിപ്പാലം വഴി കോഴിക്കോട് നഗരത്തിലേക്ക് പ്രവേശിക്കണം.
കൊടുവള്ളി ഭാഗത്ത് നിന്ന്: പടനിലം–കളരിക്കണ്ടി–വരട്ട്യാക്ക്–പെരിങ്ങളം വഴി യാത്ര ചെയ്യണം.
മുക്കം ഭാഗത്ത് നിന്ന്: ചെത്തുകടവ്–പെരിങ്ങളം വഴി കോഴിക്കോട് നഗരത്തിലേക്ക് എത്തണം.
കണ്ണൂർ ഭാഗത്ത് നിന്ന്: എലത്തൂർ–പാവങ്ങാട്–നടക്കാവ് വഴിയുള്ള റോഡുകൾ ഉപയോഗിക്കണം.
യൂണിവേഴ്സിറ്റി ഭാഗത്ത് നിന്ന്: ഇടിമൂഴിക്കൽ–രാമനാട്ടുകര–ഫറോക്ക്–ചെറുവണ്ണൂർ വഴി കോഴിക്കോട് നഗരത്തിലേക്ക് പ്രവേശിക്കണമെന്നാണ് നിർദേശം.
ഗതാഗത നിയന്ത്രണം കണക്കിലെടുത്ത് യാത്രക്കാർ യാത്ര നേരത്തെ ക്രമീകരിക്കണമെന്നും ബദൽ റൂട്ടുകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അധികൃതർ നിർദേശിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശന സമയത്ത് നഗരത്തിലെ പ്രധാന റോഡുകളിൽ സുരക്ഷാ പരിശോധനകളും ഗതാഗത നിയന്ത്രണങ്ങളും ശക്തമാക്കും.
