ഓട്ടവ:കാനഡയിൽ വിതരണം ചെയ്ത പ്രമുഖ ജനറിക് അസറ്റാമിനോഫെൻ മരുന്നിന്റെ ഒരു ബാച്ച് വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. ടൊറന്റോ ആസ്ഥാനമായ ടെവ കാനഡ ലിമിറ്റഡ് വിപണിയിലെത്തിച്ച ‘നോവോ-ജെസിക് ഫോർട്ടെ 500 എംജി’എന്ന മരുന്നാണ് തിരിച്ചുവിളിച്ചത്.
മരുന്നിൽ ഫിനോളിക് റെസിൻ, എപ്പോക്സി തുടങ്ങിയ പ്ലാസ്റ്റിക് ഘടകങ്ങളുടെ സാന്നിധ്യത്തിന് സാധ്യത കണ്ടെത്തിയതിനെ തുടർന്നാണ് സെപ്റ്റംബർ 11ന് നടപടി സ്വീകരിച്ചത്. ഈ വസ്തുക്കൾ ശരീരത്തിനുള്ളിൽ എത്തിയാൽ ദഹനവ്യവസ്ഥയ്ക്ക് ഗുരുതരമായ പരുക്കുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഫാർമസികൾക്ക് 1,000 ഗുളികകൾ വീതമുള്ള വലിയ കുപ്പികളിലാണ് മരുന്ന് വിതരണം ചെയ്തിരുന്നത്. തുടർന്ന് രോഗികൾക്ക് ചെറിയ പാക്കറ്റുകളിലാക്കി നൽകുന്നതിനാൽ തിരിച്ചുവിളിച്ച ബാച്ച് കൈവശമുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

മരുന്ന് ഉപയോഗിക്കുന്നത് നിർത്തണം
തിരിച്ചുവിളിച്ച ബാച്ചിലെ മരുന്ന് കൈവശമുള്ളവർ ഉപയോഗം ഉടൻ നിർത്തണം. മരുന്ന് വാങ്ങിയ ഫാർമസിയിൽ തിരികെ നൽകുകയോ സുരക്ഷിതമായി നശിപ്പിക്കുകയോ ചെയ്യണമെന്ന് നിർദേശം.
മരുന്ന് കഴിച്ചതിന് ശേഷം ആരോഗ്യപ്രശ്നങ്ങളോ അസ്വസ്ഥതകളോ അനുഭവപ്പെട്ടാൽ ഡോക്ടറുടെ സഹായം തേടണമെന്നും അധികൃതർ നിർദേശിച്ചു.
നിർമാതാക്കളായ ടെവ കാനഡ സ്വീകരിക്കുന്ന തിരുത്തൽ നടപടികൾ ഹെൽത്ത് കാനഡ നിരീക്ഷിച്ചുവരികയാണ്. ഉൽപ്പന്നത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരിശോധനകളും തുടരുന്നുണ്ട്. കൂടുതൽ പ്രശ്നങ്ങൾ കണ്ടെത്തുകയാണെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിച്ച് പൊതുജനങ്ങളെ അറിയിക്കുമെന്നും ഹെൽത്ത് കാനഡ വ്യക്തമാക്കി.
