മലപ്പുറം: വിവാദമായ സ്ത്രീ പരാമർശത്തിൽ നിലപാട് ആവർത്തിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. സമസ്ത പണ്ഡിതന്മാർ ഒരിക്കൽ പറഞ്ഞ കാര്യങ്ങൾ പിന്നീട് തിരുത്തിപ്പറയേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും ഇസ്ലാമിക നിയമങ്ങൾ രാഷ്ട്രീയ പാർട്ടികൾക്കോ വ്യക്തികൾക്കോ വേണ്ടി തിരുത്തേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.മലപ്പുറം ചെമ്മാട് നടന്ന സമസ്ത സെന്ററിന്റെ സ്വാഗതസംഘ രൂപീകരണ സമ്മേളനത്തിലാണ് കാന്തപുരം നിലപാട് വ്യക്തമാക്കിയത്.
പൊതുനിരത്തുകളിലും സ്റ്റേജുകളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കുന്നതും ഇസ്ലാമികമല്ലാത്ത ആചാരങ്ങളും ആഘോഷരീതികളും കൂട്ടിയിണക്കുന്നതും വിശ്വാസികൾക്ക് ചേർന്നതല്ലെന്നായിരുന്നു നേരത്തെ അദ്ദേഹം നടത്തിയ പരാമർശം. ഇത്തരം കാര്യങ്ങൾ അനുവദനീയമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലും തന്റെ നിലപാടിൽ മാറ്റമില്ലെന്ന സൂചനയാണ് പുതിയ പ്രതികരണത്തിലൂടെ കാന്തപുരം നൽകിയത്. രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് മതനിയമങ്ങളിൽ മാറ്റം വരുത്തേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
