സന: ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ബാബുൽ മന്ദബ് കടലിടുക്കിൽ നിയന്ത്രണം ശക്തമാക്കാനുള്ള നീക്കങ്ങളുമായി യമനിലെ ഹൂതി വിമതർ. ചെങ്കടൽ തീരത്ത് സംഘർഷം രൂക്ഷമായതോടെ യമൻ പൗരന്മാർ കൂട്ടത്തോടെ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ഏകദേശം 50,000 പേർ പലായനം ചെയ്തതായാണ് കണക്കുകൾ.
സൗദി അറേബ്യയിലെ ജിസാൻ മേഖലയിലെ അൽ തൂവൽ ഗവർണറേറ്റിൽ ഹൂതി മിലീഷ്യയുടെ പ്രൊജക്ടൈൽ പതിച്ച് രണ്ട് പേർക്ക് പരുക്കേറ്റതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. ഒരു പള്ളിയിലും കെട്ടിടത്തിലുമാണ് പ്രൊജക്ടൈൽ പതിച്ചത്. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ഗുരുതരമായ ലംഘനമാണെന്നും അധികൃതർ വ്യക്തമാക്കി.
46,000 പേർ ഇതിനകം പലായനം ചെയ്തു
തായിസ്, ഹുദൈദാഹ് മേഖലകളിൽ നിന്നുമാത്രം ഏകദേശം 46,000 യമൻ പൗരന്മാർ മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്തതായി യുഎൻ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) അറിയിച്ചു. നേരത്തെ നിർബന്ധിത കുടിയേറ്റത്തിന് വിധേയരായ നിരവധി പേരാണ് വീണ്ടും വീടും നാടും ഉപേക്ഷിച്ച് പോകുന്നത്.
യുദ്ധം മൂലം പ്രധാന റോഡുകൾ പലതും തടസ്സപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഭക്ഷണം, കുടിവെള്ളം, അഭയകേന്ദ്രങ്ങൾ, ആരോഗ്യസേവനങ്ങൾ, സാമ്പത്തിക സഹായം തുടങ്ങിയവയ്ക്കായി ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്ന് ഐഒഎം വ്യക്തമാക്കി.
ബാബുൽ മന്ദബിൽ ഹൂതികളുടെ നീക്കം
തന്ത്രപ്രധാനമായ മോഖ തുറമുഖ നഗരം പിടിച്ചെടുത്തതിന് പിന്നാലെ ദുബാബ് ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിലേക്കും ഹൂതികൾ നീങ്ങിയെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് ബാബുൽ മന്ദബിന്റെ മധ്യഭാഗത്തുള്ള പെരിം ദ്വീപിലും ഹൂതി പോരാളികൾ എത്തിയതായി റിപ്പോർട്ടുകളുണ്ട്.

കടലിടുക്കിന്റെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന പെരിം ദ്വീപിന് വലിയ തന്ത്രപ്രാധാന്യമുണ്ട്. ബാബുൽ മന്ദബിനെ പ്രധാന കപ്പൽപ്പാതകളായി വിഭജിക്കുന്ന ഈ ദ്വീപിന്റെ നിയന്ത്രണം മേഖലയിലെ കടൽഗതാഗതത്തെ സ്വാധീനിക്കാൻ നിർണായകമാണ്. യമൻ സർക്കാർ സേന ദ്വീപിൽ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് ഹൂതികൾ ഇവിടെ എത്തിയതെന്നാണ് റിപ്പോർട്ട്.
ഏഷ്യ–യൂറോപ്പ് വ്യാപാരപാതയ്ക്ക് ഭീഷണി
‘കണ്ണീരിന്റെ കവാടം’ എന്നർഥമുള്ള ബാബുൽ മന്ദബ് യമനും ആഫ്രിക്കൻ തീരത്തെ ജിബൂട്ടി–എറിത്രിയ മേഖലകൾക്കുമിടയിലാണ്. തെക്ക് ഏദൻ ഉൾക്കടലിനെയും വടക്ക് ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന കടലിടുക്ക് പിന്നീട് സൂയസ് കനാലിലേക്കുള്ള പ്രധാന സമുദ്രപാതയായി മാറുന്നു.
ഏഷ്യയിൽനിന്ന് യൂറോപ്പിലേക്കുള്ള ചരക്കുഗതാഗതത്തിന്റെ പ്രധാന പാതകളിലൊന്നായ ചെങ്കടൽ–സൂയസ് റൂട്ടിൽ ദീർഘകാല തടസ്സമുണ്ടായാൽ ആഗോള വ്യാപാരത്തെയും ചരക്കുഗതാഗത ചെലവുകളെയും കാര്യമായി ബാധിച്ചേക്കും. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി ആഗോള എണ്ണവിപണിയിൽ സമ്മർദം സൃഷ്ടിക്കുന്നതിനിടെയാണ് ബാബുൽ മന്ദബിലും അനിശ്ചിതത്വം ശക്തമാകുന്നത്.
