തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ ഇന്നും രാത്രി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി. 700 മുതൽ 900 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടാകാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് നിയന്ത്രണത്തിന് സാധ്യത.
അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിലവിൽ അവധിയായതിനാൽ കേരളത്തിന് അധിക വൈദ്യുതി ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും കെഎസ്ഇബി വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തിന് സമാനമായി റിയൽ ടൈം മാർക്കറ്റിൽ ആവശ്യമായ വൈദ്യുതി ലഭ്യമാക്കാൻ കഴിഞ്ഞാൽ നിയന്ത്രണം ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ.
ചില പ്രദേശങ്ങളിൽ മഴ ലഭിക്കുന്നത് ചൂട് കുറയ്ക്കുകയും അതുവഴി വൈദ്യുതി ഉപഭോഗം നിയന്ത്രണവിധേയമാക്കുകയും ചെയ്യുമെന്ന പ്രതീക്ഷയും കെഎസ്ഇബിക്കുണ്ട്.
ഉയർന്ന വില നൽകിയാലും വൈദ്യുതി വാങ്ങും
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് എത്ര ഉയർന്ന തുക നൽകേണ്ടിവന്നാലും വൈദ്യുതി വാങ്ങുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിൽ ചെലവിനേക്കാൾ തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻടിപിസി ഉൾപ്പെടെയുള്ള വിവിധ സ്രോതസ്സുകളിൽ നിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയുമടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത അടിയന്തര യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കുറഞ്ഞ നിരക്കിലെ വൈദ്യുതി കരാർ റദ്ദാക്കിയത് തിരിച്ചടിയായി
യൂണിറ്റിന് 4.29 രൂപ നിരക്കിൽ ലഭിച്ചിരുന്ന വൈദ്യുതി കരാർ റദ്ദാക്കിയതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. കരാർ റദ്ദായതോടെ കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന വൈദ്യുതി നഷ്ടപ്പെടുകയും പകരം പുറത്തുനിന്ന് യൂണിറ്റിന് 30 രൂപ വരെ നൽകേണ്ട സാഹചര്യമുണ്ടാകുകയും ചെയ്തുവെന്ന് മന്ത്രി പറഞ്ഞു.
