Monday, September 14, 2026

ഐക്യരാഷ്ട്രസഭയില്‍ വിപുലീകരണം വേണം; ബ്രിക്‌സിന്റെ ആവശ്യത്തെ പിന്തുണച്ച് അന്റോണിയോ ഗുട്ടറസ്

ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സില്‍ വിപുലീകരിക്കണമെന്നും വികസ്വര രാജ്യങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നുമുള്ള ബ്രിക്‌സ് (BRICS) കൂട്ടായ്മയുടെ ആവശ്യത്തിന് ശക്തമായ പിന്തുണയുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസ്. ന്യൂഡല്‍ഹിയില്‍ നടന്ന പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായുള്ള ഓപ്പണ്‍ സെഷനില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

സുരക്ഷാ കൗണ്‍സില്‍ നിലവിലെ ആഗോള യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന വിധത്തില്‍ പരിഷ്‌കരിക്കേണ്ടതുണ്ടെന്നും ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളുടെ ശബ്ദത്തിന് കൂടുതല്‍ മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വം വേണമെന്ന ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യത്തിന് വലിയ ഊന്നല്‍ നല്‍കുന്നതാണ് ഇത്തവണ പുറത്തിറക്കിയ ‘ന്യൂഡല്‍ഹി പ്രഖ്യാപനം’. ഇന്ത്യയ്ക്കും ബ്രസീലിനും സുരക്ഷാ കൗണ്‍സിലില്‍ ഉയര്‍ന്ന പങ്കാളിത്തം നല്‍കണമെന്ന നിര്‍ദ്ദേശത്തെ സ്ഥിരാംഗങ്ങളായ റഷ്യയും ചൈനയും പിന്തുണച്ചിട്ടുണ്ട്.

വികസിച്ചുകൊണ്ടിരിക്കുന്ന ലോകക്രമത്തില്‍ വികസ്വര രാജ്യങ്ങളെ അവഗണിക്കാന്‍ കഴിയില്ലെന്ന ശക്തമായ സന്ദേശമാണ് ഉച്ചകോടിയിലൂടെ നല്‍കിയിരിക്കുന്നത്.അതേസമയം, ഉച്ചകോടിയുടെ രാഷ്ട്രീയ നേട്ടങ്ങളെയും നടത്തിപ്പിനെയും ചൊല്ലി രാജ്യത്ത് ഭരണ-പ്രതിപക്ഷ തര്‍ക്കം രൂക്ഷമാകുകയാണ്. പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിക്കുന്ന സംയുക്ത പ്രസ്താവന കൈക്കൊള്ളാന്‍ സാധിച്ചതും, വെസ്റ്റ് ഏഷ്യന്‍ സംഘര്‍ഷത്തില്‍ കൂട്ടായ്മയ്ക്കുള്ളില്‍ സമവായം രൂപീകരിക്കാന്‍ കഴിഞ്ഞതും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര വിജയമായാണ് ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇത് പ്രധാന പ്രചാരണ വിഷയമാക്കാനും ഭരണപക്ഷം ലക്ഷ്യമിടുന്നു.

എന്നാല്‍, നയതന്ത്ര വിഷയങ്ങളില്‍ പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്താന്‍ കൂട്ടായ്മയ്ക്ക് സാധിച്ചില്ലെന്നും ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കങ്ങളില്‍ സര്‍ക്കാര്‍ വ്യക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. ആഗോള നയതന്ത്ര നേട്ടങ്ങള്‍ ആഭ്യന്തര രാഷ്ട്രീയ പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുകയാണെന്ന വിമര്‍ശനവും പ്രതിപക്ഷം ശക്തമാക്കുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!