Tuesday, September 15, 2026

‘കാനഡയിലെ നാല് പ്രധാന വിമാനത്താവളങ്ങളിൽ സ്വകാര്യ നിക്ഷേപം അനുവദിക്കും’; പ്രഖ്യാപനവുമായി മാർക്ക് കാർണി

ടൊറന്റോ: കാനഡയിലെ നാല് പ്രധാന വിമാനത്താവളങ്ങളുടെ പ്രവർത്തനത്തിലും വികസനത്തിലും സ്വകാര്യ നിക്ഷേപം അനുവദിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. ടൊറന്റോ പിയേഴ്സൺ, വൻകൂവർ ഇന്റർനാഷണൽ, മൺട്രിയോൾ ട്രൂഡോ ഇന്റർനാഷണൽ, കാൽഗറി ഇന്റർനാഷണൽ വിമാനത്താവളങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.

2026 കാനഡ ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിന്റെ രണ്ടാം ദിവസത്തെ ഉദ്ഘാടന പ്രസംഗത്തിലാണ് കാർണി പ്രഖ്യാപനം നടത്തിയത്. ദീർഘകാല കൺസഷൻ കരാറുകളിലൂടെയായിരിക്കും സ്വകാര്യ നിക്ഷേപകരെ വിമാനത്താവളങ്ങളുടെ പ്രവർത്തനത്തിലേക്കും വികസനത്തിലേക്കും കൊണ്ടുവരിക.

വിമാനത്താവളങ്ങളുടെ ഭൂമിയുടെയും അടിസ്ഥാന ആസ്തികളുടെയും ഉടമസ്ഥാവകാശം ഫെഡറൽ സർക്കാർ തന്നെ നിലനിർത്തുമെന്ന് കാർണി വ്യക്തമാക്കി. സ്വകാര്യ മൂലധനവും വിദഗ്ധ പരിജ്ഞാനവും ഉപയോഗിച്ച് വിമാനത്താവളങ്ങളുടെ ശേഷി വർധിപ്പിക്കുകയും അതിലൂടെ ലഭിക്കുന്ന വരുമാനം രാജ്യത്തിന്റെ ഭാവി അടിസ്ഥാനസൗകര്യ വികസനത്തിനായി പുനർനിക്ഷേപിക്കുകയുമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അടുത്ത അഞ്ച് വർഷത്തിനിടെ കാനഡയിലെ 167 പദ്ധതികളിലായി ഏകദേശം 1 ട്രില്യൺ ഡോളർ നിക്ഷേപം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ലോകത്തെ നൂറിലധികം പ്രമുഖ നിക്ഷേപകരെയാണ് കാർണി ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

ഭൂമി സർക്കാരിന്റെ ഉടമസ്ഥതയിൽ തുടരും

മറ്റ് രാജ്യങ്ങളിലെ വിമാനത്താവള സ്വകാര്യവൽക്കരണ മാതൃകകൾ പരിശോധിച്ച ശേഷമാണ് ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാരിൽ തന്നെ നിലനിർത്താൻ തീരുമാനിച്ചതെന്ന് കാർണി പറഞ്ഞു. മുൻകാല സ്വകാര്യവൽക്കരണ പദ്ധതികളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടാണ് പുതിയ സമീപനമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വകാര്യ നിക്ഷേപകരുമായുള്ള കരാറുകളിലൂടെ പൊതുഖജനാവിലേക്ക് പണം എത്തിക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

നിലവിൽ രാജ്യത്തെ ഏകദേശം രണ്ട് ഡസനോളം വലിയ വിമാനത്താവളങ്ങളുടെ ഭൂമി ഫെഡറൽ സർക്കാരിന്റെ ഉടമസ്ഥതയിലാണ്. വിമാനത്താവള അതോറിറ്റികൾക്ക് ഭൂമി ലീസ് അടിസ്ഥാനത്തിലാണ് നൽകുന്നത്. ഇതിലൂടെ പ്രതിവർഷം ഏകദേശം 525 മില്യൺ ഡോളർ ലീസ് വരുമാനം സർക്കാരിന് ലഭിക്കുന്നതായി കനേഡിയൻ എയർപോർട്ട്സ് കൗൺസിൽ വ്യക്തമാക്കുന്നു.

ലീസ് കരാറുകളിലും കാലതാമസം

വിമാനത്താവളങ്ങളുടെ സ്വകാര്യ നിക്ഷേപം സംബന്ധിച്ച താൽപര്യം ഫെഡറൽ സർക്കാർ കഴിഞ്ഞ നവംബറിലെ ബജറ്റ് മുതൽ വ്യക്തമാക്കിയിരുന്നു. നിലവിലെ ഭൂമി ലീസ് കരാറുകൾ ദീർഘിപ്പിക്കുന്നത് കൂടുതൽ സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതിന് ആവശ്യമായ നടപടിയാണെന്ന് ട്രാൻസ്പോർട്ട് കാനഡയുടെ രേഖകളും വ്യക്തമാക്കുന്നു.

എന്നാൽ ലീസ് കരാറുകൾ ദീർഘിപ്പിക്കുന്ന നടപടിയിൽ ഇതിനകം കാലതാമസം ഉണ്ടായതായി സർക്കാർ രേഖകൾ സൂചിപ്പിക്കുന്നു. മാർച്ച് 2026നകം ചർച്ചകൾ ആരംഭിക്കേണ്ടിയിരുന്നുവെന്നും വൈകിയാൽ നടപടികൾ 2027ലേക്ക് പല മാസങ്ങൾ നീളുമെന്നും രേഖയിൽ പറയുന്നു.

തൊഴിലാളി സംഘടനയുടെ എതിർപ്പ്

വിമാനത്താവളങ്ങളുടെ പ്രവർത്തനത്തിലേക്ക് സ്വകാര്യ നിക്ഷേപകരെ കൊണ്ടുവരാനുള്ള തീരുമാനത്തിനെതിരെ കനേഡിയൻ ലേബർ കോൺഗ്രസ് രംഗത്തെത്തി. ഓസ്ട്രേലിയയിലെ സ്വകാര്യവൽക്കരണ മാതൃക പിന്തുടർന്നാൽ യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും ചെലവ് വർധിക്കാനും തൊഴിലാളികൾക്ക് സമ്മർദം കൂടാനും സാധ്യതയുണ്ടെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്.

അതേസമയം, സ്വകാര്യ മൂലധനം വിമാനത്താവളങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ വലിയ നിക്ഷേപം കണ്ടെത്താൻ സഹായിക്കുമെന്ന് വ്യോമയാന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വിമാനത്താവളങ്ങൾ സ്വാഭാവികമായി ഏകാധിപത്യ സ്വഭാവമുള്ള വിപണികളായി മാറാൻ സാധ്യതയുള്ളതിനാൽ സ്വകാര്യവൽക്കരണത്തോടൊപ്പം ശക്തമായ നിയന്ത്രണ സംവിധാനവും യാത്രാനിരക്കുകളിൽ നിയന്ത്രണവും വേണമെന്നാണ് വിദഗ്ധരുടെ നിർദേശം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!