കൊച്ചി: റിപ്പോർട്ടർ ടിവിയിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധന മാധ്യമസ്ഥാപനം നൽകിയ വാർത്തകളോടുള്ള പ്രതികാര നടപടിയല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഗുരുതരമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് പൊലീസ് നടപടി സ്വീകരിച്ചതെന്നും മജിസ്ട്രേറ്റിന്റെ സെർച്ച് വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം പരിശോധന നടത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിൽ അനുവദനീയമായ പരിധിയിൽ കവിഞ്ഞ അളവിൽ മദ്യം കണ്ടെത്തിയ സംഭവത്തിൽ എക്സൈസ് കേസുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടന്ന ‘ഇന്ത്യ ടുഡേ റൗണ്ട് ടേബിൾ കേരളം’ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊലീസ് റിപ്പോർട്ടർ ടിവിയുടെ സംപ്രേഷണം തടസ്സപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ഫോണുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ടെങ്കിൽ അത് കേസ് അന്വേഷണത്തിന്റെ ഭാഗമായിരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. റെയ്ഡ് സർക്കാരിന്റെ നയപരമായ തീരുമാനമല്ലെന്നും സ്വതന്ത്രമായ അന്വേഷണത്തിന്റെ ഭാഗമായുള്ള നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ ഇടതുസർക്കാരിന്റെ കാലത്തും മംഗളം ടിവി, ഏഷ്യാനെറ്റ് ന്യൂസ്, മറുനാടൻ മലയാളി തുടങ്ങിയ മാധ്യമസ്ഥാപനങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ കേസുകളും റെയ്ഡുകളും ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

റിപ്പോർട്ടർ ടിവിയിലെ റെയ്ഡിനെ വിമർശിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നിലപാടിനുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ പരാമർശം.
അതേസമയം, പിണറായി വിജയനെ രാഷ്ട്രീയമായി വേട്ടയാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാസപ്പടി കേസിൽ ശശിധരൻ കർത്ത നിഷേധിച്ചത് പിണറായി വിജയനും ടി. വീണക്കുമെതിരായ മൊഴിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ പരമ്പരാഗത രീതികളിൽ നിന്ന് വ്യതിചലിച്ച് പുതിയ പരിഷ്‌കാരങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ 1991ലെ സാമ്പത്തിക പരിഷ്‌കാരങ്ങൾ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
