ഓട്ടവ: ആരോഗ്യ മേഖലയിലെ വംശീയ വിവേചനം അവസാനിപ്പിക്കാന്‍ കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന് (CMA). പുതിയ പെരുമാറ്റച്ചട്ടം പുറത്തിറക്കി. രോഗികള്‍ക്ക് തുല്യവും സുരക്ഷിതവുമായ പരിചരണം ഉറപ്പാക്കാനും തദ്ദേശീയ ജനവിഭാഗങ്ങളുടെ (Indigenous Peoples) പരമ്പരാഗത അറിവുകളെയും ചികിത്സാരീതികളെയും ബഹുമാനിക്കാനും ഡോക്ടര്‍മാര്‍ക്ക് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതാണ് പുതിയ മാറ്റങ്ങള്‍.
സി.എം.എ.യുടെ പുനരധിവാസ നയങ്ങളുടെ (Reconciliation Action Plan) ഭാഗമായി തയ്യാറാക്കിയ ഈ പെരുമാറ്റച്ചട്ടം അനീഷിനാബെമോവിന്, മിചിഫ്, നോര്‍ത്തേണ്‍ മിചിഫ്-ക്രീ, ഇനുക്റ്റിടുട്ട് എന്നീ നാല് തദ്ദേശീയ ഭാഷകളിലും ലഭ്യമാക്കിയിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ വംശീയതയ്ക്ക് സ്ഥാനമില്ലെന്നും, മുന്‍കാലങ്ങളില്‍ തദ്ദേശീയ ജനവിഭാഗങ്ങളോട് മെഡിക്കല്‍ സമൂഹം കാണിച്ച അനീതികള്‍ക്ക് മാപ്പ് ചോദിക്കുന്നതായും സി.എം.എ. പ്രസിഡന്റ് ബോലു ഒഗുന്യേമി പ്രസ്താവിച്ചു. മുന്‍കാലങ്ങളില്‍ നിര്‍ബന്ധിത വന്ധ്യംകരണം, മെഡിക്കല്‍ പരീക്ഷണങ്ങള്‍ തുടങ്ങിയവയിലൂടെ തദ്ദേശീയ ജനവിഭാഗങ്ങള്‍ നേരിടേണ്ടി വന്ന ദുരിതങ്ങളെയും അസോസിയേഷന് അനുസ്മരിച്ചു.

പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം വംശീയവും വിവേചനപരവുമായ പെരുമാറ്റങ്ങള്‍ പൂര്‍ണ്ണമായും വിലക്കിയിട്ടുണ്ട്. ചരിത്രപരമായി അവഗണിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനം ലഭ്യമാക്കാനും വരുംതലമുറ ഡോക്ടര്‍മാര്‍ക്കിടയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും ഈ പെരുമാറ്റച്ചട്ടം സഹായിക്കുമെന്ന് അസോസിയേഷന് പ്രത്യാശ പ്രകടിപ്പിക്കുന്നു.
