സെന്റ് ജോണ്‍സ്: അന്താരാഷ്ട്ര ചലച്ചിത്ര നിര്‍മ്മാണ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച് ന്യൂഫിന്‍്ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍. ഹോളിവുഡ് താരം ജോഷ് ഹാര്‍ട്ട്നെറ്റ് പ്രധാന വേഷത്തിലെത്തുന്ന ‘ബിലോ’ (Below) എന്ന നെറ്റ്ഫ്‌ലിക്‌സ് മിനി സീരീസിന്റെ പ്രത്യേക പ്രദര്‍ശനം സെന്റ് ജോണ്‍സിലെ മജസ്റ്റിക് തിയേറ്ററില്‍ വിജയകരമായി നടന്നു. പ്രവിശ്യയില്‍ ചിത്രീകരിക്കുക മാത്രമല്ല, അവിടുത്തെ സാമൂഹിക ജീവിതവും സംസ്‌കാരവും പ്രമേയമാക്കിയാണ് ഈ സീരീസ് ഒരുക്കിയിരിക്കുന്നത്. വലിയ കാന്‍വാസിലുള്ള ചലച്ചിത്ര പ്രൊജക്റ്റുകള്‍ വിജയകരമായി കൈകാര്യം ചെയ്യാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ ഹോളിവുഡിന് നല്‍കുന്നതെന്ന് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ക്രിസ് ഹാച്ചര്‍ വ്യക്തമാക്കി.
2025-ല്‍ ഈ പരമ്പരയുടെ നിര്‍മ്മാണത്തിലൂടെ പ്രവിശ്യയിലെ സിനിമാ മേഖലയില്‍ 150 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക മുന്നേറ്റം ഉണ്ടായതായി പ്രൊവിന്‍ഷ്യല്‍ സര്‍ക്കാരിന്റെ ‘പിക്ചര്‍ എന്‍.എല്‍’ (PictureNL) വ്യക്തമാക്കുന്നു. പ്രവിശ്യയിലെ മോശം കാലാവസ്ഥയെ പ്രതിരോധിക്കാനും വര്‍ഷം മുഴുവന്‍ ചിത്രീകരണം സാധ്യമാക്കാനും ഒരു പ്രത്യേക ഇന്‍ഡോര്‍ സൗണ്ട് സ്റ്റേജ് (Sound Stage) നിര്‍മ്മിക്കേണ്ടത് അത്യാവശ്യമാണെന്ന് സിനിമാ മേഖലയിലെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

നിലവില്‍ എണ്ണൂറോളം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഈ മേഖലയില്‍, പ്രാദേശിക ഫിലിം കാമ്പസില്‍ നിന്ന് പ്രതിവര്‍ഷം എഴുപതോളം വിദ്യാര്‍ത്ഥികള്‍ പഠിച്ചിറങ്ങുന്നതിനാല്‍ വ്യവസായത്തിന്റെ വിപുലീകരണം അത്യന്താപേക്ഷിതമാണ്. ‘അക്വാമാന്‍’, ‘പീറ്റര്‍ പാന്‍ & വെന്‍ഡി’ തുടങ്ങിയ വന്‍കിട സിനിമകളുടെയും ‘റീച്ചര്‍’, ‘സെവറന്‍സ്’, ‘ഫ്രോണ്ടിയര്‍’ തുടങ്ങിയ ഹിറ്റ് ടെലിവിഷന്‍ പരമ്പരകളുടെയും ഭാഗങ്ങള്‍ ഇതിനകം ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. മുന്‍വര്‍ഷത്തെക്കാള്‍ കൂടുതല്‍ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷവും കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
