നോവസ്കോഷ: നോവസ്കോഷയിലെ ബെഡ്ഫോര്‍ഡില്‍ കൂറ്റന്‍ ബാസ്കിങ് സ്രാവിനെ (Basking shark) തീരത്തിനടുത്ത് കണ്ടെത്തിയത് പ്രാദേശികവാസികളില്‍ കൗതുകമുണര്‍ത്തി. വെള്ളിയാഴ്ച രാത്രി ബെഡ്ഫോര്‍ഡ് ബേസിന് യാച്ച് ക്ലബ്ബിന് (Bedford Basin Yacht Club) സമീപമാണ് കൂറ്റന്‍ സ്രാവ് നീന്തുന്നത് ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. സംഭവം അറിഞ്ഞ് നിരവധി ആളുകളാണ് ഈ അപൂര്‍വ്വ കാഴ്ച കാണാനും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്പ്പാനുമായി കടല്‍ത്തീരത്തേക്ക് തടിച്ചുകൂടിയത്.

സാധാരണയായി പ്ലവകങ്ങള്‍ (Plankton) ഭക്ഷിക്കുന്ന അപകടകാരികളല്ലാത്ത ഈ സ്രാവുകള്‍ ജലോപരിതലത്തില്‍ സമയം ചെലവഴിക്കാറുണ്ട്. സ്രാവ് ആരോഗ്യവാനാണെന്നും തടസ്സങ്ങളില്ലാതെ നീന്തുന്നുണ്ടെന്നും മറൈന്‍ അനിമല്‍ റെസ്പോണ്‍സ് സൊസൈറ്റി (MARS) സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാത്രി സ്രാവിന്റെ ചലനങ്ങള്‍ അധികൃതര്‍ നിരീക്ഷിച്ചിരുന്നെങ്കിലും ശനിയാഴ്ചയോടെ ഇതിനെ ഹാര്‍ബറിന് സമീപം പിന്നീട് കണ്ടിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
