വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 100 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യന്‍ കയറ്റുമതി രംഗം. ഇത്രയും ഉയര്‍ന്ന തീരുവ താങ്ങാനാകില്ലെന്നും ഇത് വിദേശത്തേക്കുള്ള ഇന്ത്യയുടെ കയറ്റുമതി പൂര്‍ണ്ണമായും തടസ്സപ്പെടുത്തുമെന്നും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (FIEO) അറിയിച്ചു. റഷ്യന്‍ എണ്ണയുടെ ഇറക്കുമതി കുറച്ചാല്‍ ഇന്ത്യന്‍ റിഫൈനറികളുടെ ലാഭത്തെ അത് പ്രതികൂലമായി ബാധിക്കും. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ എണ്ണ വാങ്ങുന്നതില്‍ നിശ്ചിത ക്വാട്ട നിശ്ചയിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. അമേരിക്കന്‍ നീക്കമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും വ്യക്തത വരുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും തമ്മിലുള്ള ബന്ധം പൊള്ളയാണെന്ന് തെളിഞ്ഞതായും ബദല്‍ എണ്ണ സ്രോതസ്സുകള്‍ കണ്ടെത്താനാകുമോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന ഐക്യരാഷ്ട്രസഭാ പ്രസംഗത്തിലും ജി20 ഉച്ചകോടിയിലും വിഷയത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.
