Monday, September 21, 2026

പിക്കറിങ് ആണവനിലയത്തിൽ വൻ നവീകരണം; നാല് റിയാക്ടറുകൾ പ്രവർത്തനം നിർത്തുന്നു

ടൊറന്റോ: ഒന്റാരിയോയിലെ പിക്കറിങ് ആണവനിലയത്തിൽ വൻ നവീകരണ പദ്ധതിക്ക് തുടക്കമാകുന്നു. പ്രവിശ്യയുടെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിൽ ആണവോർജത്തിന് കൂടുതൽ പ്രാധാന്യം നൽകാനുള്ള ഡഗ് ഫോർഡ് സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് നവീകരണം.

പിക്കറിങ് ന്യൂക്ലിയർ ജനറേറ്റിങ് സ്റ്റേഷനിലെ നാല് റിയാക്ടറുകൾ ഇന്ന് മുതൽ ഘട്ടംഘട്ടമായി പ്രവർത്തനം നിർത്തും. ഏകദേശം 26.8 ബില്യൺ കനേഡിയൻ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ യഥാർഥ നവീകരണ പ്രവർത്തനങ്ങൾ ജനുവരിയിൽ ആരംഭിക്കും.

നവീകരണത്തിന്റെ ഭാഗമായി റിയാക്ടറുകൾ ഏകദേശം പത്ത് വർഷത്തോളം പ്രവർത്തനരഹിതമായിരിക്കും. നവീകരണം പൂർത്തിയാകുന്നതോടെ നിലയത്തിന്റെ പ്രവർത്തന കാലാവധി 38 വർഷം വരെ നീട്ടാനാകുമെന്നാണ് പ്രതീക്ഷ. നാല് റിയാക്ടറുകൾ ചേർന്ന് ഏകദേശം 22 ലക്ഷം വീടുകൾക്ക് ആവശ്യമായ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നും അധികൃതർ പറയുന്നു.

1,520 ഫ്യൂവൽ ചാനലുകൾ, 48 ബോയിലറുകൾ എന്നിവ മാറ്റിസ്ഥാപിക്കുന്നതും 1.5 കിലോമീറ്റർ ആഴമുള്ള പുതിയ ജലപ്രവേശന സംവിധാനം നിർമിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.

പദ്ധതിയിലൂടെ ഏകദേശം 30,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് ഒന്റാരിയോ ഊർജമന്ത്രി സ്റ്റീഫൻ ലെസെ അറിയിച്ചു. പദ്ധതിയുടെ ചെലവിന്റെ ഭൂരിഭാഗവും ഒന്റാരിയോയിൽ തന്നെ നിലനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പിക്കറിങ്ങിലെ റിയാക്ടറുകൾ അടുത്ത പത്ത് വർഷത്തിന്റെ ഭൂരിഭാഗവും പ്രവർത്തനരഹിതമാകുന്നത് പ്രവിശ്യയുടെ പ്രകൃതി വാതകത്തെ ആശ്രയിക്കൽ വർധിപ്പിക്കുമെന്ന് പരിസ്ഥിതി സംഘടനയായ എൻവയൺമെന്റൽ ഡിഫൻസ് ആശങ്ക പ്രകടിപ്പിച്ചു. ഇതിലൂടെ ഹരിതഗൃഹ വാതക ബഹിർഗമനം ഉയരാൻ സാധ്യതയുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!