നോര്‍ത്തേണ്‍ ഒന്റാരിയോ: കാനഡയിലേക്ക് അനധികൃതമായി തോക്കുകളും മാരകായുധങ്ങളും കടത്താന്‍ ശ്രമിച്ച അമേരിക്കന്‍ പൗരന്മാര്‍ പിടിയില്‍. ഇവരില്‍ നിന്ന് വന്‍ ആയുധശേഖരം കാനഡ ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സി (CBSA) പിടിച്ചെടുത്തു. നോര്‍ത്തേണ്‍ ഒന്റാരിയോയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കഴിഞ്ഞ മാസമാണ് പരിശോധന നടന്നത്. ഹാന്‍ഡ്ഗണുകള്‍, റൈഫിള്‍, 17 നിരോധിത ആയുധങ്ങള്‍, 11 റൗണ്ട് വെടിയുണ്ടകള്‍ എന്നിവയാണ് അതിര്‍ത്തി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.
ഫോര്‍ട്ട് ഫ്രാന്‍സെസ് (Fort Frances), തണ്ടര്‍ ബേ (Thunder Bay), കിങ്സ്റ്റണിന് സമീപമുള്ള ലാന്‍ഡ്സ്ഡൗണ്‍ പോര്‍ട്ട് ഓഫ് എന്‍ട്രി (Lansdowne Port of Entry) എന്നീ അതിര്‍ത്തി കടവുകളിലൂടെ വാഹനം ഓടിച്ചെത്തിയവരില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. വാഹനങ്ങളില്‍ സാധാരണയായി നടത്തുന്ന സെക്കന്‍ഡറി പരിശോധനയിലാണ് ഇവ പിടികൂടിയതെന്ന് സി.ബി.എസ്.എ നോര്‍ത്ത് വെസ്റ്റേണ്‍ ഒന്റാരിയോ ഡിസ്ട്രിക്റ്റ് ഡയറക്ടര്‍ ചാള്‍സ് ഫിഷര്‍ പറഞ്ഞു.

നിയമം അറിയാതെ ചിലര്‍, ബോധപൂര്‍വ്വം കടത്താന്‍ ശ്രമിച്ച് മറ്റു ചിലര്‍
അമേരിക്കയില്‍ വാഹനങ്ങളില്‍ തോക്ക് കൈവശം വെക്കുന്നത് സാധാരണമായതിനാല്‍, കാനഡയിലേക്ക് കടക്കുമ്പോള്‍ ഇവര്‍ പലപ്പോഴും ഇത് ശ്രദ്ധിക്കാറില്ലെന്ന് ചാള്‍സ് ഫിഷര്‍ വ്യക്തമാക്കി. അതിര്‍ത്തിയിലെത്തുമ്പോള്‍ വാഹനം നിര്‍ത്തി കൈവശം തോക്കുണ്ടെന്ന് സ്വമേധയാ വെളിപ്പെടുത്തുന്ന യാത്രക്കാര്‍ക്ക് ആയുധങ്ങള്‍ തിരികെ അമേരിക്കയിലേക്ക് തന്നെ കൊണ്ടുപോകാന്‍ അനുവാദം നല്‍കും. എന്നാല്‍ വിവരങ്ങള്‍ മറച്ചുവെച്ച് രാജ്യത്തേക്ക് ആയുധങ്ങള്‍ കടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്.
ശിക്ഷാ നടപടികള്‍:
വിവരങ്ങള്‍ മറച്ചുവെച്ച് തോക്കുകള്‍ കടത്താന്‍ ശ്രമിച്ചാല്‍ വാഹനം ജപ്തി ചെയ്യുകയും വന്‍ തുക പിഴ ഈടാക്കുകയും ചെയ്യും.
ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഇളവ് ലഭിക്കില്ല. അതിര്‍ത്തിയില്‍ വെച്ച് തന്നെ നാടുകടത്തല്‍ (Deportation order) ഉത്തരവ് നല്‍കും. ഇത്തരക്കാര്‍ക്ക് പിന്നീട് കനേഡിയന്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതിയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാനാകില്ല.
കുറ്റകൃത്യ ലക്ഷ്യങ്ങളോടെയല്ല ആയുധം കൊണ്ടുവന്നതെങ്കില്‍, പിടിച്ചെടുത്ത തോക്കുകള്‍ നശിപ്പിച്ചു കളയുകയും വ്യക്തികളെ തിരികെ അയക്കുകയും ചെയ്യും. കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ശ്രമിച്ചതെങ്കില്‍ ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യും.
2025-ല്‍ കാനഡയിലുടനീളം 830 തോക്കുകളാണ് അതിര്‍ത്തി ഏജന്‍സികള്‍ പിടിച്ചെടുത്തത്. ഇതില്‍ 39 എണ്ണം നോര്‍ത്തേണ്‍ ഒന്റാറിയോയില്‍ നിന്നായിരുന്നു.
അതേസമയം, വേട്ടയാട ആവശ്യങ്ങള്‍ക്കായി റൈഫിളുകളും ഷോട്ട്‌ലൈനുകളും കാനഡയിലേക്ക് കൊണ്ടുവരുന്നത് നിയമവിധേയമാണ്. എന്നാല്‍ ഇതിനായി സി.ബി.എസ്.എ അംഗീകരിച്ച നോണ്‍-റെസിഡന്റ് ഫയര്‍ആം പ്രഖ്യാപനം (Non-resident firearm declaration) മുന്‍കൂട്ടി പൂര്‍ത്തിയാക്കിയിരിക്കണം. അതിര്‍ത്തിയില്‍ എത്തുമ്പോള്‍ സംശയമുള്ള എന്തെങ്കിലും വസ്തുക്കള്‍ കൈവശമുണ്ടെങ്കില്‍ അത് ഉദ്യോഗസ്ഥരോട് തുറന്നുപറഞ്ഞാല്‍ നിയമനടപടികളില്‍ നിന്ന് ഒഴിവാകാമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
