ഓട്ടവ: രാജ്യതലസ്ഥാനമായ ഓട്ടവയില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേരുള്ള പ്രശസ്തമായ തെരുവിന്റെ പേര് മാറ്റാന്‍ ഓട്ടവ സിറ്റി കൗണ്‍സില്‍ ഐക്യകണ്‌ഠേന തീരുമാനിച്ചു. ഓട്ടവയിലെ സെന്‍ട്രല്‍ പാര്‍ക്ക് മേഖലയിലുള്ള ‘ട്രംപ് അവന്യൂ’ (Trump Avenue) എന്ന തെരുവിന്റെ പേര് മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് നഗരസഭ തുടക്കം കുറിച്ചു.
ന്യൂയോര്‍ക്ക് നഗരത്തിലെ പ്രശസ്തമായ സ്ഥലങ്ങളുടെ പേര് നല്‍കിയിട്ടുള്ള നഗരഭാഗമാണ് സെന്‍ട്രല്‍ പാര്‍ക്ക്. മാഡിസണ്‍ പാര്‍ക്ക്, മാന്‍ഹാട്ടന്‍ ക്രസന്റ്, ബ്ലൂമിങ്ഡെയ്ല്‍ സ്ട്രീറ്റ്, സ്റ്റാറ്റന്‍ സ്ട്രീറ്റ് എന്നിവയ്‌ക്കൊപ്പമാണ് ട്രംപ് പ്രശസ്തനായ റിയല്‍ എസ്റ്റേറ്റ് വ്യവസായിയായിരുന്ന കാലത്ത് ‘ട്രംപ് അവന്യൂ’ എന്ന പേരും നല്‍കിയത്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വിവാദപരമായ ഭരണരീതികളും തീരുമാനങ്ങളും കാരണം പേര് മാറ്റണമെന്ന ആവശ്യത്തിന് പിന്തുണയേറി.

പേരുമാറ്റ പ്രക്രിയ ജനങ്ങള്‍ തീരുമാനിക്കും
റിവര്‍ വാര്‍ഡ് കൗണ്‍സിലര്‍ റൈലി ബ്രോക്കിങ്ടണിന്റെ (Riley Brockington) നേതൃത്വത്തിലാണ് പുതിയ പേര് കണ്ടെത്തുന്നതിനായുള്ള പൊതുജനഭിപ്രായ സ്വീകരണം നടക്കുക. പ്രദേശവാസികളില്‍ നിന്ന് 3 മുതല്‍ 5 വരെ അംഗങ്ങളെ ഉള്‍പ്പെടുത്തി വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിക്കും. ന്യൂയോര്‍ക്കുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ പുതിയ പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ അവസരമുണ്ടാകും. അടുത്ത വര്‍ഷത്തോടെ നഗരസഭ പുതിയ പേരിന് അന്തിമ അംഗീകാരം നല്‍കും.
2016-ല്‍ ട്രംപിന്റെ ആദ്യ ഭരണകാലത്തും പേര് മാറ്റാന്‍ വോട്ടെടുപ്പ് നടന്നിരുന്നെങ്കിലും 21-21 എന്ന നിലയില്‍ തുല്യ വോട്ടുകള്‍ ലഭിച്ചതിനാല്‍ പേര് മാറ്റിയിരുന്നില്ല. എന്നാല്‍ നിലവില്‍ കാനഡയും യു.എസും തമ്മില്‍ നിലനില്‍ക്കുന്ന വ്യാപാര നികുതി (Tariff) തര്‍ക്കങ്ങളും, കാനഡയെ ’51-ാം സ്റ്റേറ്റ്’ ആക്കുമെന്ന ട്രംപിന്റെ പരാമര്‍ശങ്ങളും കാനഡയില്‍ വലിയ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കൗണ്‍സില്‍ ഒറ്റക്കെട്ടായി പേരുമാറ്റാനുള്ള തീരുമാനത്തിലെത്തിയത്.
