നോവസ്‌കോഷ: നോവസ്‌കോഷയിലെ (Nova Scotia) ന്യൂ ഗ്ലാസ്‌ഗോയില്‍ (New Glasgow) പ്രവര്‍ത്തിക്കുന്ന ‘നോര്‍ത്ത്സ്റ്റാര്‍ ഷെല്‍ട്ടറിനുള്ള’ (Northstar Shelter) സാമ്പത്തിക സഹായം അവസാനിപ്പിക്കാന്‍ പ്രവിശ്യാ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രദേശവാസികളില്‍ നിന്നും ടൗണ്‍ കൗണ്‍സിലില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം. 90 ദിവസത്തെ ട്രാന്‍സിഷന്‍ കാലാവധിക്ക് ശേഷം സാമ്പത്തിക സഹായം പൂര്‍ണ്ണമായും നിര്‍ത്തലാക്കുമെന്ന് നോവസ്‌കോഷ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ലഹരിമരുന്ന് ഉപയോഗം, പൊതുമുതല്‍ നശിപ്പിക്കല്‍, മോഷണം തുടങ്ങി ക്രമസമാധാന പ്രശ്‌നങ്ങള്‍ പ്രദേശത്ത് രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് ന്യൂ ഗ്ലാസ്‌ഗോ ടൗണ്‍ കൗണ്‍സില്‍ ഷെല്‍ട്ടര്‍ ഉടന്‍ അടച്ചുപൂട്ടണമെന്ന് ഏകകണ്ഠമായി പ്രമേയം പാസാക്കിയത്. ഷെല്‍ട്ടറുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മാത്രം പൊലീസിന് 10 ലക്ഷത്തിലധികം ഡോളര്‍ ചെലവഴിക്കേണ്ടി വന്നതായി ഡെപ്യൂട്ടി മേയര്‍ ഡോണ്‍ പീറ്റേഴ്‌സ് വ്യക്തമാക്കി. നിലവിലെ രീതിയിലുള്ള ഷെല്‍ട്ടര്‍ പ്രവര്‍ത്തനം ടൗണിന്റെ സുരക്ഷയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും വലിയ ഭീഷണിയാണെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

നേരത്തെ ‘വയലസ് പ്ലേസ്’ (Viola’s Place) എന്നറിയപ്പെട്ടിരുന്ന ഈ സ്ഥാപനം 2018-ലാണ് ആരംഭിച്ചത്. 2022-ല്‍ ഇതിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുകയായിരുന്നു. ഷെല്‍ട്ടര്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കുന്നതിനൊപ്പം, ഇവിടെ കഴിയുന്നവര്‍ക്ക് അനുയോജ്യമായ മറ്റ് താമസസൗകര്യങ്ങളും പിന്തുണയും ഉറപ്പാക്കാന്‍ വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഷെല്‍ട്ടറുകള്‍ക്ക് പകരം ട്രാന്‍സിഷണല്‍ ഹൗസിംഗ്, സപ്പോര്‍ട്ടീവ് ഹൗസിങ് ഓപ്ഷനുകളിലേക്ക് മാറാനാണ് പ്രവിശ്യാ സര്‍ക്കാരിന്റെ തീരുമാനം.
