ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ തുടരുന്ന പ്രാദേശിക സംഘർഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ പ്രാദേശിക സമ്പദ്വ്യവസ്ഥകൾക്ക് പുറമെ യൂറോപ്യൻ, ആഗോള സമ്പദ്വ്യവസ്ഥകളിലേക്കും വ്യാപിക്കുകയാണെന്ന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി. സമുദ്രഗതാഗതത്തിലെ തടസ്സങ്ങളും വർധിച്ച ഗതാഗതച്ചെലവും ചരക്ക് വില, ഭക്ഷ്യവില, വിതരണ ശൃംഖല എന്നിവയെ നേരിട്ട് ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭ പൊതുസഭയുടെ 81-ാമത് സമ്മേളനത്തോടനുബന്ധിച്ച് വ്യാഴാഴ്ച നടന്ന ഭക്ഷ്യസുരക്ഷയ്ക്കായുള്ള റോം സഖ്യത്തിന്റെ രണ്ടാമത് മന്ത്രിതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അൽ ബുദൈവി.
നിലവിലെ പ്രതിസന്ധികളുടെ സാമ്പത്തിക ആഘാതങ്ങൾ നേരിടുന്നതിനും ഊർജ, ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനും വിതരണ ശൃംഖലകളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും ജിസിസി അംഗരാജ്യങ്ങൾക്കും യൂറോപ്യൻ യൂണിയനും സാമ്പത്തിക, ലോജിസ്റ്റിക്, നിക്ഷേപ ശേഷികൾ ഒരുമിച്ച് പ്രയോജനപ്പെടുത്താനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിലെ സുരക്ഷാ സാഹചര്യം അനുവദിക്കുന്ന പരിധിയിൽ ഉൽപന്നങ്ങളുടെ വിതരണം തുടരാനും കയറ്റുമതി ഉറപ്പാക്കാനും ജിസിസി രാജ്യങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

പൈപ്പ്ലൈനുകൾ, വാണിജ്യ തുറമുഖങ്ങൾ, റെയിൽവേ ശൃംഖലകൾ, റോഡുകൾ, തന്ത്രപ്രധാന സംഭരണശാലകൾ എന്നിവ വികസിപ്പിച്ച് ഗതാഗത മാർഗങ്ങൾ വൈവിധ്യവത്കരിക്കുന്നതിനും പ്രാദേശികവും ആഗോളവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ജിസിസി രാജ്യങ്ങൾ വിവിധ പദ്ധതികൾ നടപ്പാക്കിവരുന്നതായും അൽ ബുദൈവി ചൂണ്ടിക്കാട്ടി.
കപ്പൽ ഗതാഗതത്തിലെയും സമുദ്ര ഇൻഷുറൻസിലെയും അപകടസാധ്യതകൾ കുറയ്ക്കുന്നതിനും ഭക്ഷണം, വളം, ഇന്ധനം എന്നിവയുടെ കയറ്റുമതിക്ക് മുൻഗണന നൽകുന്നതിനും കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന ജിസിസി–യൂറോപ്യൻ യൂണിയൻ ഉച്ചകോടി ഈ തന്ത്രപരമായ മുൻഗണനകൾ മുന്നോട്ടുകൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അൽ ബുദൈവി വ്യക്തമാക്കി. ഉഭയകക്ഷി വ്യാപാരത്തെയും വിതരണ ശൃംഖലകളെയും ബാധിക്കുന്ന സാമ്പത്തിക, നിയന്ത്രണ വിഷയങ്ങളിൽ ഇരുപക്ഷവും തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
