ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം. ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, സാമൂഹ്യപ്രവർത്തകൻ യോഗേന്ദ്ര യാദവ്, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര തുടങ്ങിയവർ പങ്കെടുത്തു. ജെഎൻയു വിദ്യാർഥികളും പ്രതിഷേധത്തിന്റെ ഭാഗമായി.
എസ്‌ഐആർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഏകപക്ഷീയമായി തീരുമാനങ്ങൾ സ്വീകരിച്ചുവെന്ന ആരോപണമാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്. ഇക്കാര്യങ്ങളിൽ മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായത്.

ഡൽഹിയിൽ പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെ ജന്തർ മന്തർ പൊലീസ് പൂർണമായും അടച്ചിട്ടുണ്ട്. പ്രതിഷേധത്തിൽ പങ്കെടുത്ത യോഗേന്ദ്ര യാദവ്, ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ എന്നിവരുൾപ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്.
ഡൽഹിക്ക് പുറമെ ചണ്ഡീഗഢ്, അസം, ഷിംല, ജമ്മു കശ്മീർ എന്നിവിടങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളും എതിർപ്പുകളും രാഷ്ട്രീയ-പൊതു മേഖലകളിൽ ചർച്ചയായിരിക്കുകയാണ്.
