ഡൽഹി: രാജ്യവ്യാപകമായി ഇന്ന് മുതൽ നടത്താനിരുന്ന മൂന്ന് ദിവസത്തെ ബാങ്ക് സമരം പിൻവലിച്ചു. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും (IBA) യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസും (UFBU) തമ്മിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്. ഇതോടെ ബാങ്കിങ് സേവനങ്ങൾ സാധാരണ നിലയിൽ തുടരും.
ബാങ്കുകൾക്ക് ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനം നടപ്പാക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ചകൾ അവധിയാക്കണമെന്ന ആവശ്യത്തിൽ പഠനം നടത്താൻ ഐബിഎയുടെയും യുഎഫ്ബിയുടെയും നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിക്കാൻ യോഗത്തിൽ ധാരണയായി. മറ്റ് വിഷയങ്ങളിലും വേഗത്തിൽ പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായാണ് വിവരം.

ആഴ്ചയിൽ അഞ്ച് ദിവസം മാത്രം ബാങ്കുകൾ പ്രവർത്തിക്കുക, പെൻഷൻ പരിഷ്കരണം നടപ്പാക്കുക, ദേശീയ പെൻഷൻ പദ്ധതിയിൽ (NPS) ഉൾപ്പെട്ട ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ബാങ്ക് ജീവനക്കാരുടെ യൂണിയനുകൾ പ്രധാനമായും ഉന്നയിച്ചിരുന്നത്.
മൂന്ന് ദിവസത്തെ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ ബാങ്കിങ് സേവനങ്ങളിലെ തടസ്സം കുറയ്ക്കുന്നതിനായി ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിച്ചിരുന്നു.
സമരം പിൻവലിച്ചതോടെ ബാങ്ക് ശാഖകൾ വഴിയുള്ള സാധാരണ ഇടപാടുകൾ, ചെക്ക് ക്ലിയറിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ എന്നിവ തടസ്സമില്ലാതെ തുടരുമെന്നാണ് പ്രതീക്ഷ. ബാങ്ക് ജീവനക്കാരുടെ സംഘടനകളും ബാങ്ക് മാനേജ്മെന്റും തമ്മിലുള്ള തുടർ ചർച്ചകളിലൂടെയാകും അഞ്ച് ദിവസത്തെ പ്രവൃത്തിദിനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അന്തിമ തീരുമാനമുണ്ടാകുക.
