Monday, September 28, 2026

വൈദ്യുതി പ്രതിസന്ധി നേരിടാൻ കാനഡയിലെ മൂന്ന് പ്രവിശ്യകൾ ഒന്നിക്കുന്നു

ഹാലിഫാക്സ്: വൈദ്യുതി ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ വിതരണം കൂടുതൽ കാര്യക്ഷമമാക്കാൻ കാനഡയിലെ മൂന്ന് പ്രവിശ്യകൾ സംയുക്ത വൈദ്യുതി ഗ്രിഡ് പദ്ധതിയുമായി മുന്നോട്ട്. പ്രിൻസ് എഡ്വേർഡ് ഐലൻഡ്, നോവസ്കോഷ, ന്യൂബ്രൺസ് വിക് എന്നീ പ്രവിശ്യകളാണ് വൈദ്യുതി മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി കരാറിലെത്തിയത്.

കഴിഞ്ഞ ജൂലൈയിൽ പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ നടന്ന പ്രീമിയർമാരുടെ ഉച്ചകോടിയിലാണ് പദ്ധതിക്ക് ധാരണയായത്. വരും വർഷങ്ങളിൽ മാരിടൈംസ് മേഖലയിലെ വൈദ്യുതി ആവശ്യകത ഗണ്യമായി ഉയരുമെന്നാണ് ഫെഡറൽ സർക്കാരിന്റെ വിലയിരുത്തൽ. വർധിച്ചുവരുന്ന ആവശ്യം നേരിടുന്നതിനൊപ്പം വൈദ്യുതി വിതരണം കൂടുതൽ സ്ഥിരതയുള്ളതാക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി മൂന്ന് പ്രവിശ്യകളിലെയും വൈദ്യുതി വിപണനവും വിതരണവും ഏകോപിപ്പിക്കുന്നതിന് സ്വതന്ത്ര സിസ്റ്റം ഓപ്പറേറ്ററെ (ISO) രൂപീകരിക്കാനാണ് നിർദേശം. സർക്കാർ സ്ഥാപനങ്ങളുടെയോ വൈദ്യുതി കമ്പനികളുടെയോ നേരിട്ടുള്ള സ്വാധീനമില്ലാതെ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകി സംവിധാനം പ്രവർത്തിക്കുമെന്നാണ് അധികൃതരുടെ നിലപാട്.

പുതിയ ട്രാൻസ്മിഷൻ ലൈനുകളുടെ നിർമാണം, കാറ്റാടി-സൗരോർജ പദ്ധതികളുടെ വികസനം, ബാറ്ററി സംഭരണ സംവിധാനങ്ങളുടെ വ്യാപനം എന്നിവ ഏകോപിപ്പിക്കുന്നതിലും പുതിയ സംവിധാനം നിർണായക പങ്കുവഹിക്കും. അമേരിക്കയിലെ ‘ISO New England’ മാതൃകയിലുള്ള സംവിധാനമാണ് പരിഗണിക്കുന്നത്.

അതേസമയം, കൽക്കരി അധിഷ്ഠിത വൈദ്യുതി നിലയങ്ങൾ ഘട്ടംഘട്ടമായി അടച്ചുപൂട്ടുന്നതിനും പുനരുപയോഗ ഊർജ പദ്ധതികൾ വ്യാപിപ്പിക്കുന്നതിനും പ്രാദേശിക സഹകരണം നിർണായകമാണെന്ന് പരിസ്ഥിതി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഹാലിഫാക്സ് ആസ്ഥാനമായുള്ള ഇക്കോളജി ആക്ഷൻ സെന്റർ ഉൾപ്പെടെയുള്ള സംഘടനകൾ ഇത്തരമൊരു പ്രാദേശിക വൈദ്യുതി സഹകരണത്തിനായി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

മൂന്ന് പ്രവിശ്യകളെയും ഉൾപ്പെടുത്തി സംയുക്ത വൈദ്യുതി ഗ്രിഡ് യാഥാർഥ്യമാക്കാൻ സമയമെടുക്കുമെന്നാണ് വിലയിരുത്തൽ. വരും മാസങ്ങളിൽ പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കി തുടർനടപടികളിലേക്ക് കടക്കാനാണ് അധികൃതരുടെ തീരുമാനം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!