വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ സൈനികർ സഞ്ചരിച്ചിരുന്ന കപ്പലിന് നേരെയുണ്ടായ ഇറാന്റെ മിസൈൽ ആക്രമണത്തിൽ എട്ട് യുഎസ് നാവികർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. ഔദ്യോഗിക യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻബിസി ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സെപ്റ്റംബർ 14-നാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ ഏഴ് എൻലിസ്റ്റഡ് സൈനികർക്കും ഒരു ഓഫീസർക്കുമാണ് പരുക്കേറ്റത്. ആരുടേയും പരുക്ക് ഗുരുതരമല്ല. പുക ശ്വസിച്ചതിനെ തുടർന്നുണ്ടായ അസ്വസ്ഥതകൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് സൈനികർ ചികിത്സ തേടുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം എല്ലാവരും ഡ്യൂട്ടിയിൽ തിരിച്ചെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
സൈനികർ യുഎസ് നേവിയുടെ ഔദ്യോഗിക യുദ്ധക്കപ്പലിലായിരുന്നില്ലെന്നാണ് വിവരം. അവർ സഞ്ചരിച്ചിരുന്ന കപ്പലിന്റെ സ്വഭാവമോ മറ്റ് വിശദാംശങ്ങളോ വെളിപ്പെടുത്താൻ യുഎസ് അധികൃതർ തയ്യാറായിട്ടില്ല. ആക്രമണം നടന്നതിന് ഏകദേശം പത്ത് ദിവസങ്ങൾക്ക് ശേഷമാണ് പരുക്കേറ്റ സൈനികരുടെ വിവരങ്ങൾ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തിയത്.സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ യുഎസ് സെൻട്രൽ കമാൻഡ് തയ്യാറായിട്ടില്ല.

അതിനിടെ, ഇറാനെതിരെ തുടർച്ചയായ ആക്രമണങ്ങൾ നടത്തുന്നതിനെക്കുറിച്ച് പരിഗണനയിലുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. അതേസമയം, ഈ ആഴ്ച തന്നെ ഇറാനുമായി വീണ്ടും ചർച്ചകൾ നടന്നേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി മുന്നോട്ടുവെച്ച നിബന്ധനകളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന നിലപാടിലാണ് ഇറാൻ. ഇതിനിടെ ഹോർമുസിന് സമീപം ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളും നിരീക്ഷണ ഡ്രോണുകളും ഉൾപ്പെടെയുള്ള യുഎസ് വ്യോമ പ്രവർത്തനങ്ങൾ വർധിച്ചതായും റിപ്പോർട്ടുകളുണ്ട്.
ലോകത്തിലെ പ്രധാന എണ്ണക്കടൽ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നത് അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയർത്തുന്നുണ്ട്.
