ടൊറന്റോ: ടൊറന്റോയിലുള്ള നോർത്ത് യോർക്ക് അപ്പാർട്ട്മെന്റിൽ ഉണ്ടായ വൻ തീപിടിത്തത്തിന് ഒരു വർഷം തികയുമ്പോഴും, താമസക്കാർ ഇനിയും തങ്ങളുടെ വീടുകളിലേക്ക് മടങ്ങാനാകാതെ ദുരിതത്തിൽ. തങ്ങൾക്ക് എന്നാണ് സ്വന്തം വീടുകളിലേക്ക് തിരിച്ചെത്താൻ കഴിയുക എന്ന കാര്യത്തിൽ ഇവിടുത്തെ നൂറിലധികം വരുന്ന താമസക്കാർക്ക് ഇപ്പോഴും യാതൊരു ഉറപ്പുമില്ല.
2025 സെപ്റ്റംബർ 29-നാണ് നോർത്ത് യോർക്കിലെ 3020 കീൽ സ്ട്രീറ്റിലുള്ള (3020 Keele St.) നാല് നിലകളുള്ള അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ വൻ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ മുകൾ നിലയിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് വൻ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. അപകട സമയത്ത് ജീവൻ രക്ഷിക്കാനായി കുട്ടികളെയുമെടുത്ത് ബാൽക്കണിയിലൂടെയും മറ്റും കെട്ടിടത്തിന് പുറത്തേക്ക് ചാടേണ്ടി വന്ന പല കുടുംബങ്ങളും ഇന്നും ആ ഞെട്ടലിൽ നിന്നും മുക്തരായിട്ടില്ല.

അപകടം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും ഇവിടുത്തെ ഭൂരിഭാഗം താമസക്കാരും താൽക്കാലിക കേന്ദ്രങ്ങളിലും ഉയർന്ന വാടക നൽകി മറ്റ് വീടുകളിലുമാണ് കഴിയുന്നത്. അപ്രതീക്ഷിതമായി വന്ന അധിക വാടകച്ചെലവും മറ്റ് സാമ്പത്തിക ബാധ്യതകളും ഇവരുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കെട്ടിടത്തിന്റെ ഉടമസ്ഥരും ഇൻഷുറൻസ് കമ്പനിയും തമ്മിലുള്ള ചർച്ചകളും നിയമപരമായ നടപടികളും നീണ്ടുപോയതാണ് അറ്റകുറ്റപ്പണികൾ വൈകാൻ പ്രധാന കാരണം.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ 2026 സെപ്റ്റംബർ 18-ഓടെയാണ് അപ്പാർട്ട്മെന്റ് കെട്ടിടം പുനർനിർമിക്കാനുള്ള അനുമതി നഗരസഭ അധികൃതർ നൽകിയത്. കെട്ടിടത്തിന്റെ നാലാം നിലയിൽ പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി കാണിച്ച് ഉടമകൾ താമസക്കാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ, നിർമാണ പ്രവർത്തനങ്ങൾ എന്ന് പൂർത്തിയാകുമെന്നോ താമസക്കാർക്ക് എന്ന് തിരികെ പ്രവേശിക്കാൻ സാധിക്കുമെന്നോ ഉള്ള കൃത്യമായ ഒരു തീയതി നൽകാൻ കെട്ടിട അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. അധികൃതരുടെ ഭാഗത്തുനിന്നും കെട്ടിട ഉടമകളിൽ നിന്നും അനുകൂലമായ നടപടി എത്രയും വേഗം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും വാടകവീടുകളിൽ കഴിയുന്ന ഈ കുടുംബങ്ങൾ.
