Wednesday, September 30, 2026

കോക്പിറ്റിൽ സംഘർഷം; ഫ്ലൈ ദുബായ് വിമാനത്തിന് സൗദിയിൽ അടിയന്തര ലാന്റിങ്

ടെൽ അവീവ്: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിൽ ഗുരുതരമായ സംഘർഷമുണ്ടായതിനെ തുടർന്ന് സൗദി അറേബ്യയിൽ അടിയന്തര ലാൻഡിങ് നടത്തിയതായി റിപ്പോർട്ട്. വിമാനത്തിലെ രണ്ട് പൈലറ്റുമാർ തമ്മിൽ അക്രമാസക്തമായ ഏറ്റുമുട്ടൽ ഉണ്ടായെന്നും പൈലറ്റുമാരിൽ ഒരാൾ വിമാനം തകർക്കാൻ ശ്രമിച്ചെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.

ഇസ്രയേലി ചാനൽ 12, ഒരു ഉന്നത ഇസ്രയേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് പൈലറ്റിൽ ഒരാൾ വിമാനം തകർക്കാൻ ശ്രമിച്ചതായി റിപ്പോർട്ട് ചെയ്തത്. സഹപൈലറ്റും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരായ പൈലറ്റുമാരും ചേർന്ന് ശ്രമം തടഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ സംഭവത്തിന്റെ ഈ വിശദാംശങ്ങൾ സംബന്ധിച്ച് ഫ്ലൈ ദുബായ് ഉൾപ്പെടെയുള്ള അധികൃതരിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. വിമാനം തകർക്കാൻ ശ്രമിച്ചെന്ന് ആരോപിക്കപ്പെടുന്ന പൈലറ്റിനെ ചോദ്യം ചെയ്തുവരികയാണെന്നും പേരുവെളിപ്പെടുത്താത്ത ഇസ്രയേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ചാനൽ 12 റിപ്പോർട്ട് ചെയ്തു.

വിമാനത്തിലുണ്ടായിരുന്ന ചില യാത്രക്കാരുടെ വസ്ത്രങ്ങളിൽ രക്തം പുരണ്ട ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിനിടെ വലിയ ദുരന്തം ഒഴിവായെന്നാണ് ഇസ്രയേലി ഉദ്യോഗസ്ഥന്റെ പ്രതികരണം.

ഏകദേശം 180 യാത്രക്കാരുമായി പറന്ന വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലാണ് അടിയന്തരമായി ഇറക്കിയത്. വിമാനത്തിലെ എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് ഫ്ലൈ ദുബായ് വക്താവ് അറിയിച്ചു.

വിമാനം ഹൈജാക്ക് ചെയ്തെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. ഇതേത്തുടർന്ന് ഇസ്രയേൽ യുദ്ധവിമാനങ്ങൾ വിന്യസിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് പൈലറ്റുമാർ തമ്മിലുള്ള സംഘർഷമാണ് അടിയന്തര ലാൻഡിങ്ങിന് കാരണമെന്ന വിവരങ്ങൾ പുറത്തുവന്നു.

വിമാനത്തിലുണ്ടായിരുന്നതിൽ ഭൂരിഭാഗവും ഇസ്രയേലി പൗരന്മാരായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സംഭവവികാസങ്ങൾ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് നിരീക്ഷിച്ചുവരികയാണ്. ഇസ്രയേലി യാത്രക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സംഭവം അട്ടിമറി ശ്രമമായിരുന്നോ, അതോ വ്യക്തിപരമായ സംഘർഷത്തെ തുടർന്നുണ്ടായ സാഹചര്യമാണോ എന്ന കാര്യത്തിൽ ഔദ്യോഗിക അന്വേഷണവും വിശദീകരണവും നിർണായകമാകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!