Thursday, October 1, 2026

‘UDF യോഗം വിളിക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കുന്നില്ല, തീരുമാനങ്ങൾ അറിയുന്നത് മാധ്യമങ്ങളിലൂടെ’ ;അതൃപ്തി പരസ്യമാക്കി അടൂർ പ്രകാശ്

തിരുവനന്തപുരം: യുഡിഎഫ് നേതൃത്വത്തിനെതിരെ അതൃപ്തി പരസ്യമാക്കി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. പ്രധാന തീരുമാനങ്ങളിൽ മുന്നണിക്കുള്ളിൽ മതിയായ കൂടിയാലോചന നടക്കുന്നില്ലെന്നും യുഡിഎഫ് ചെയർമാനായ മുഖ്യമന്ത്രി യോഗം വിളിക്കാൻ മുൻകൈ എടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അടൂർ പ്രകാശ്.

കാബിനറ്റ് പദവി ഉൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങൾ കൺവീനർ എന്ന നിലയിൽ താൻ നേരത്തെ അറിഞ്ഞിരിക്കേണ്ടതായിരുന്നുവെന്ന് അടൂർ പ്രകാശ് പറഞ്ഞു. മാണി സി. കാപ്പിന് കാബിനറ്റ് പദവി ലഭിക്കുമെന്ന ചർച്ചകളും തീരുമാനങ്ങളും മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

“കാബിനറ്റ് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് അതിന് അർഹതയുണ്ട്. എന്നാൽ, യുഡിഎഫ് കൺവീനർ എന്ന നിലയിൽ ഇത്തരം കാര്യങ്ങൾ മുൻകൂട്ടി അറിയേണ്ടതായിരുന്നു. പ്രധാന തീരുമാനങ്ങളിൽ കൂടിയാലോചന ആവശ്യമാണ്,” അടൂർ പ്രകാശ് പറഞ്ഞു.

യുഡിഎഫ് യോഗങ്ങൾ ചേരാത്തതിനാൽ പല വിഷയങ്ങളും മുന്നണിയിൽ ചർച്ച ചെയ്യാൻ കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ യുഡിഎഫ് കൺവീനറായി പ്രവർത്തിക്കാൻ തന്നെ ചുമതലപ്പെടുത്തിയത് എഐസിസിയാണെന്നും, തനിക്കുണ്ടായ അതൃപ്തി വൈകാതെ ഹൈക്കമാൻഡിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും മുഖ്യമന്ത്രിയുടെ വിമാനയാത്രയെ ചൊല്ലിയുണ്ടായ വിവാദങ്ങളിലും സർക്കാർ ജനങ്ങൾക്ക് കാര്യങ്ങൾ വ്യക്തമായി വിശദീകരിക്കേണ്ടതായിരുന്നുവെന്നും അടൂർ പ്രകാശ് അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകളിൽ മുന്നണിക്കുള്ളിൽ ഏകോപനക്കുറവുണ്ടായെന്നും മുഖ്യമന്ത്രി ചിലയിടങ്ങളിൽ സ്വന്തം നിലയിൽ പ്രവർത്തിച്ചെന്നും അദ്ദേഹം ആരോപിച്ചു. ചിറയിൻകീഴിൽ രമ്യ ഹരിദാസുമായി ബന്ധപ്പെട്ട വിഷയം തിരിച്ചടിയായെന്നും അടൂർ പ്രകാശ് പറഞ്ഞു.

മുഖ്യമന്ത്രി തന്നെ അവഗണിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “നിങ്ങൾ തന്നെ വിലയിരുത്തൂ” എന്നായിരുന്നു അടൂർ പ്രകാശിന്റെ മറുപടി.

യുഡിഎഫ് ചെയർമാനെന്ന നിലയിൽ മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ അനുസരിച്ചാണ് താൻ ഇതുവരെ പ്രവർത്തിച്ചതെന്നും മുന്നണിയുടെ കെട്ടുറപ്പിനായി ആവശ്യമായ കൂടിയാലോചനകൾ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!