Thursday, October 1, 2026

സ്റ്റാർലിങ്ക് കരാർ റദ്ദാക്കി; സ്‌പേസ് എക്‌സിന് നൽകിയ തുക വെളിപ്പെടുത്താതെ ഒന്റാരിയോ സർക്കാർ

ടൊറന്റോ: എലോൺ മസ്കിന്റെ സ്‌പേസ് എക്‌സുമായി ഒന്റാരിയോ സർക്കാർ ഒപ്പുവെച്ച സ്റ്റാർലിങ്ക് കരാർ റദ്ദാക്കിയതിന് പിന്നാലെ കമ്പനിക്ക് നൽകിയ നഷ്ടപരിഹാരത്തുക വെളിപ്പെടുത്താത്തതിനെതിരെ വിമർശനം ശക്തമാകുന്നു. ഏകദേശം 100 മില്യൺ കനേഡിയൻ ഡോളർ മൂല്യമുണ്ടായിരുന്ന കരാർ റദ്ദാക്കിയതിന്റെ ഭാഗമായി സ്‌പേസ് എക്‌സിന് നൽകിയ ‘കിൽ ഫീ’ എത്രയാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല.

2024 അവസാനത്തിലാണ് അന്നത്തെ ഇൻഫ്രാസ്ട്രക്ചർ മന്ത്രി കിംഗ സർമ്മ സ്‌പേസ് എക്‌സുമായി കരാർ പ്രഖ്യാപിച്ചത്. ഒന്റാരിയോയിലെ ഗ്രാമീണ മേഖലകളിലും വിദൂര ഫസ്റ്റ് നേഷൻസ് സമൂഹങ്ങളിലുമുള്ള ഏകദേശം 15,000 ഉപഭോക്താക്കൾക്ക് സ്റ്റാർലിങ്ക് സാറ്റ്ലൈറ്റ് ഇന്റർനെറ്റ് ലഭ്യമാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. 2025 ജൂണിൽ സേവനം ആരംഭിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

എന്നാൽ ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരത്തിലെത്തിയതിനു പിന്നാലെ കാനഡയ്‌ക്കെതിരായ താരിഫ് ഭീഷണികൾ ശക്തമായതോടെ സാഹചര്യം മാറി. സ്‌പേസ് എക്‌സ് മേധാവി എലോൺ മസ്ക് കാനഡയുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനകൾ നടത്തിയതും രാഷ്ട്രീയ സാഹചര്യത്തെ സ്വാധീനിച്ചു. താരിഫ് നടപടികൾ തുടർന്നാൽ സ്റ്റാർലിങ്ക് കരാർ റദ്ദാക്കുമെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

തുടർന്ന് കരാർ റദ്ദാക്കിയതായി മന്ത്രി സ്റ്റീഫൻ ലെസെ പ്രഖ്യാപിച്ചെങ്കിലും സ്‌പേസ് എക്‌സിന് നൽകേണ്ട നഷ്ടപരിഹാരത്തുക പുറത്തുവിടാൻ സർക്കാർ തയ്യാറായില്ല. ഒന്റാരിയോ സർക്കാരും സ്‌പേസ് എക്‌സും തമ്മിൽ രഹസ്യ ധാരണയിലെത്തിയതിനെ തുടർന്നാണ് തുക പരസ്യമാക്കാത്തതെന്നാണ് റിപ്പോർട്ട്. കരാർ തുകയേക്കാൾ ഗണ്യമായി കുറവാണ് ‘കിൽ ഫീ’ എന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

അടുത്തിടെ പുറത്തുവിട്ട ഒന്റാരിയോ സർക്കാരിന്റെ 2025-26 സാമ്പത്തിക രേഖകളിലും സ്‌പേസ് എക്‌സിന് നൽകിയ തുക പ്രത്യേകം വ്യക്തമാക്കിയിട്ടില്ല. ഇതാണ് പ്രതിപക്ഷ പാർട്ടികളുടെ വിമർശനത്തിന് കാരണമായത്.

കരാറിലെ വിവിധ സാമ്പത്തിക വ്യവസ്ഥകൾ വാണിജ്യപരമായി രഹസ്യസ്വഭാവമുള്ളതാണെന്നും അവ പുറത്തുവിട്ടാൽ ഭാവിയിലെ സർക്കാർ ഇടപാടുകളിൽ മത്സരാധിഷ്ഠിത നേട്ടം നഷ്ടപ്പെടുമെന്നും ട്രഷറി ബോർഡ് പ്രസിഡന്റ് കിംഗ സർമ്മ വിശദീകരിച്ചു. Sസ്‌പേസ് എക്‌സുമായുള്ള ചർച്ചകളിലെ സാമ്പത്തിക വിവരങ്ങൾ രഹസ്യമായി തുടരുമെന്നും അവർ വ്യക്തമാക്കി.

എന്നാൽ നികുതിദായകരുടെ പണം എത്രയാണ് ചെലവായതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കരാർ റദ്ദാക്കാനുള്ള തീരുമാനത്തിന് ഉണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങൾ പൊതുജനങ്ങൾ അറിയേണ്ടതുണ്ടെന്ന് ന്യൂ ഡെമോക്രാറ്റിക് പാർട്ടി എംപിപി ജെസിക്ക ബെൽ പറഞ്ഞു. ലിബറൽ പാർട്ടിയും സമാനമായ ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

അതേസമയം, ഒന്റാരിയോയിൽ ഏകദേശം 96 ശതമാനം ജനങ്ങൾക്കും നിലവിൽ ഹൈസ്പീഡ് ഇന്റർനെറ്റ് ലഭ്യമാണെന്ന് മന്ത്രി സ്റ്റീഫൻ ലെസെ പറഞ്ഞു. ഭാവിയിൽ കനേഡിയൻ നിയന്ത്രണത്തിലുള്ള ലോ-ഓർബിറ്റ് സാറ്റലൈറ്റ് സാങ്കേതികവിദ്യ കണ്ടെത്തുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വടക്കൻ ഒന്റാരിയോയിലെ നിരവധി വിദൂര ഫസ്റ്റ് നേഷൻസ് സമൂഹങ്ങളിൽ സ്റ്റാർലിങ്ക് ഇതിനകം വ്യക്തികളും സ്ഥാപനങ്ങളും സ്വന്തം ചെലവിൽ ഉപയോഗിക്കുന്നുണ്ട്. സർക്കാർ കരാർ റദ്ദാക്കിയ സാഹചര്യത്തിൽ ഈ മേഖലകളിലെ അതിവേഗ ഇന്റർനെറ്റ് ലഭ്യത എങ്ങനെ ഉറപ്പാക്കുമെന്നതും ശ്രദ്ധേയമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!