ദുബായ്: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പുറപ്പെട്ട വിമാനത്തില്‍ ഉണ്ടായ അപ്രതീക്ഷിത സംഭവത്തെ തുടര്‍ന്ന് ഇസ്രയേലിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച് ഫ്ലൈ ദുബായ്. സംഭവത്തില്‍ സമഗ്ര അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഫ്ലൈ ദുബായിക്ക് പിന്നാലെ എമിറേറ്റ്സും ടെല്‍ അവീവിലേക്കുള്ള കോഡ്ഷെയര്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
സെപ്റ്റംബര്‍ 30-ന് ദുബായില്‍ നിന്ന് പുറപ്പെട്ട എഫ് ഇസെഡ് 1073 (FZ 1073) വിമാനത്തിന്റെ കോക്ക്പിറ്റില്‍ പൈലറ്റുമാര്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കവും അക്രമവും ഉണ്ടായതായി ഫ്ലൈ ദുബായ് സ്ഥിരീകരിച്ചു. തുടര്‍ന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യിക്കുകയായിരുന്നു.

സംഭവത്തില്‍ പരുക്കേറ്റ ജീവനക്കാരെ സൗദിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനത്തില്‍ നിന്ന് ആദ്യം ഹൈജാക്ക് സൂചനയായ ‘7500’ ഉം പിന്നീട് അടിയന്തര കോഡായ ‘7700’ ഉം സന്ദേശമായി നല്കിയിരുന്നതിനാല് പ്രത്യേക സംഘം സുരക്ഷാ വീഴ്ച പരിശോധിച്ചുവരികയാണ്. അതേസമയം, സഹപൈലറ്റിന്റെ ആക്രമണത്തെ ചെറുത്തുതോല്‍പ്പിച്ച് വലിയൊരു ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെ അഭിനന്ദിച്ചു.
