ചെന്നൈ: തമിഴ്നാട് സര്‍ക്കാര്‍ സ്ത്രീകള്‍ക്കായി നടപ്പാക്കുന്ന സൗജന്യ ബസ് യാത്രാ പദ്ധതി വെട്രി പയണം വിപുലീകരിച്ച് ആരംഭിച്ചു. കോയമ്പേട് ബസ് ടെര്‍മിനലില്‍ മുഖ്യമന്ത്രി സി. ജോസഫ് വിജയ് പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രതിദിനം 84.32 ലക്ഷം സ്ത്രീകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കണക്ക്.
നേരത്തെ സാധാരണ ബസുകളില്‍ മാത്രമായി ലഭിച്ചിരുന്ന സൗജന്യ യാത്രയാണ് ഇനി എക്സ്പ്രസ്, ലിമിറ്റഡ് സ്റ്റോപ്പ് സര്‍വീസ്, ഡീലക്സ്, മൊഫ്യൂസല്‍ ഓര്‍ഡിനറി, ഘട്ട് ഓര്‍ഡിനറി ബസുകളിലേക്കും വ്യാപിപ്പിച്ചത്. സംസ്ഥാനത്തെ ഏഴ് സര്‍ക്കാര്‍ ഗതാഗത കോര്‍പ്പറേഷനുകളുടെ കീഴിലുള്ള 12,692 ബസുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്ത്രീകള്‍ക്ക് പുറമെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പുതിയതായി ഉള്‍പ്പെടുത്തിയ സര്‍വീസുകളിലൂടെ ജോലി, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ക്ക് കൂടുതല്‍ സൗകര്യം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
തമിഴക വെട്രി കഴകം സര്‍ക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി. ഓഗസ്റ്റ് 24ന് നിയമസഭയില്‍ മുഖ്യമന്ത്രി പദ്ധതി വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ രണ്ടുമുതലാണ് വിപുലീകരിച്ച പദ്ധതി പ്രാബല്യത്തില്‍ വരുമെന്ന് അറിയിച്ചിരുന്നത്.
വിപുലീകരണത്തോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ബസ് സര്‍വീസുകളുടെ വലിയൊരു വിഭാഗം പദ്ധതിയുടെ പരിധിയില്‍ വരും. 18,413 ഷെഡ്യൂള്‍ഡ് ബസുകളില്‍ 12,692 ബസുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
