ദുബായ്: ഫ്ലൈ ദുബായ് വിമാനത്തിന്റെ കോ-പൈലറ്റ് ഹമ്മാം അൽ-ഹമ്മാമി സെപ്റ്റംബർ 11 ഭീകരാക്രമണ മാതൃകയിൽ വിമാനം ഉപയോഗിച്ച് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. കോക്പിറ്റിൽ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ച ശേഷം വിമാനം റാഞ്ചി ടെൽ അവീവിലെ കെട്ടിടത്തിലേക്ക് ഇടിച്ചിറക്കാനായിരുന്നു പദ്ധതിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.
ഒമാൻ പൗരനായ അൽ-ഹമ്മാമി ഒറ്റയ്ക്കാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് ഇസ്രയേലിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് സി.ബി.എസ്. ന്യൂസ് റിപ്പോർട്ട് ചെയ്തു. ക്യാപ്റ്റനെ കൊലപ്പെടുത്തിയ ശേഷം വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് എൻജിനുകൾ ഓഫാക്കി ടെൽ അവീവിലെ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചിറക്കാനായിരുന്നു പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ.
ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ ലാൻഡിങ്ങിനുള്ള അനുമതി നേടിയ ശേഷം വിമാനത്താവളത്തിലെ കെട്ടിടത്തിലേക്കോ മറ്റ് വിമാനങ്ങളിലേക്കോ വിമാനം ഇടിച്ചിറക്കാനും ഇയാൾ പദ്ധതിയിട്ടിരുന്നതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുന്നതിനായി ജോർദാനു മുകളിലൂടെ പറക്കുന്ന സമയമാണ് ഇയാൾ തിരഞ്ഞെടുത്തതെന്നും റിപ്പോർട്ടുകളുണ്ട്. സംശയം ഒഴിവാക്കുന്നതിനും ആക്രമണം നടത്താൻ ആവശ്യമായ സമയം ലഭിക്കുന്നതിനുമായിരുന്നു ഈ സമയക്രമം എന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ പറയുന്നത്.

ജൂലൈയിലും അൽ-ഹമ്മാമി സമാനമായ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും എന്നാൽ സഹപ്രവർത്തകനുമായുള്ള സൗഹൃദം കാരണം അവസാന നിമിഷം പദ്ധതി ഉപേക്ഷിച്ചതായും ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫ്ലൈ ദുബായിൽ ജോലി ചെയ്തിരുന്ന കാലയളവിൽ ഇയാൾ നിരവധി തവണ ബെൻ ഗുരിയോൺ വിമാനത്താവളം സന്ദർശിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ജൂണിലെ സന്ദർശനത്തിനിടെ ആക്രമണത്തിനാവശ്യമായ വിവരങ്ങൾ ശേഖരിച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരം.
കോക്പിറ്റിലെ ആക്രമണം
സെപ്റ്റംബർ 30നാണ് ഇന്ത്യൻ പൈലറ്റായ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അൽ-ഹമ്മാമി കോക്പിറ്റിൽ വച്ച് ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തതത്. സംഭവത്തിൽ ക്രാഷ് ആക്സ് ഉപയോഗിച്ച് ക്യാപ്റ്റനെ ആക്രമിച്ചിരുന്നു.
സംഘർഷത്തിനിടെ വിമാനം 36,000 അടി ഉയരത്തിൽ നിന്ന് ഏകദേശം രണ്ട് മിനിറ്റിനുള്ളിൽ 17,000 അടി വരെ താഴേക്ക് പതിച്ചതായാണ് റിപ്പോർട്ട്. സംഭവസമയത്ത് വിമാനത്തിൽ 174 യാത്രക്കാരുണ്ടായിരുന്നു.
പരുക്കേറ്റിട്ടും ക്യാപ്റ്റൻ മച്ചാർ കോക്പിറ്റിന്റെ വാതിൽ തുറന്നതോടെയാണ് സ്ഥിതിഗതികൾ മാറിയത്. വിമാന ജീവനക്കാരും യാത്രക്കാരും കോക്പിറ്റിലേക്ക് എത്തി കോ-പൈലറ്റിനെ കീഴടക്കുകയായിരുന്നു.
തുടർന്ന് വിമാനത്തിലുണ്ടായിരുന്ന രണ്ട് ഓഫ്-ഡ്യൂട്ടി പൈലറ്റുമാർ നിയന്ത്രണം ഏറ്റെടുത്തു. വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയതോടെയാണ് വൻ ദുരന്തം ഒഴിവായത്.
