Monday, October 5, 2026

ഇന്ത്യ-കാനഡ സാമ്പത്തിക കരാർ: അഞ്ചാം ഘട്ട ചർച്ചകൾ ഇന്ന് മുതൽ ഓട്ടവയിൽ

ഓട്ടവ: ഇന്ത്യയും കാനഡയും തമ്മിലുള്ള നിർദ്ദിഷ്ട സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) അഞ്ചാം ഘട്ട ചർച്ചകൾ ഇന്ന് ഓട്ടവയിൽ ആരംഭിക്കും. അഞ്ച് ദിവസം നീളുന്ന ചർച്ചകൾ ഒക്ടോബർ 9 വരെ തുടരും. ഈ വർഷം അവസാനത്തോടെ കരാർ പൂർത്തിയാക്കുകയാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം. സെപ്റ്റംബർ 18ന് ഡൽഹിയിൽ നടന്ന നാലാം ഘട്ട ചർച്ചകൾക്ക് പിന്നാലെയാണ് പുതിയ ഘട്ടം ആരംഭിക്കുന്നത്.

ഇന്ത്യ-കാനഡ വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സിഇപിഎ (CEPA) ചർച്ചകൾ പുരോഗമിക്കുന്നത്. ചരക്കുകളുടെയും സേവനങ്ങളുടെയും വിപണി കൂടുതൽ സുഗമമാക്കുന്നതിനൊപ്പം കസ്റ്റംസ് തീരുവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതിനും വിദഗ്ധ തൊഴിലാളികളുടെയും പ്രൊഫഷണലുകളുടെയും സഞ്ചാരം എളുപ്പമാക്കുന്നതിനും ഉഭയകക്ഷി നിക്ഷേപം വർധിപ്പിക്കുന്നതിനും കരാർ സഹായകമാകുമെന്നാണ് വിലയിരുത്തൽ.

കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി കഴിഞ്ഞ മാസം നടത്തിയ പ്രഖ്യാപനമനുസരിച്ച്, ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ സന്ദർശിച്ചേക്കും. കനേഡിയൻ ട്രേഡ് മന്ത്രി മനീന്ദർ സിദ്ധുവും ബിസിനസ് പ്രതിനിധി സംഘത്തോടൊപ്പം ഈ മാസം അവസാനം ഡൽഹി സന്ദർശിക്കും. സിദ്ധുവും കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലും കഴിഞ്ഞ മാസം മുംബൈയിൽ കൂടിക്കാഴ്ച നടത്തി ചർച്ചകളുടെ പുരോഗതി വിലയിരുത്തിയിരുന്നു.

2015ൽ ആരംഭിച്ച ചർച്ചകൾ

ഇന്ത്യയും കാനഡയും തമ്മിലുള്ള സിഇപിഎ ചർച്ചകൾ 2015ലാണ് ആരംഭിച്ചത്. 2015നും 2017നും ഇടയിൽ നിരവധി ഘട്ടങ്ങളിലായി ചർച്ചകൾ നടന്നെങ്കിലും പിന്നീട് അവ താൽക്കാലികമായി നിർത്തിവെച്ചു. 2022 മാർച്ചിൽ ‘ഏർളി പ്രോഗ്രസ് ട്രേഡ് അഗ്രിമെന്റ്’ എന്ന ഇടക്കാല കരാറിനായുള്ള ചർച്ചകൾ പുനരാരംഭിച്ചെങ്കിലും 2023ൽ ഉഭയകക്ഷി ബന്ധത്തിലുണ്ടായ സംഘർഷത്തെ തുടർന്ന് വീണ്ടും നിലച്ചു.

ഖലിസ്ഥാനി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന അന്നത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണമാണ് ബന്ധം വഷളാക്കിയത്. ഇന്ത്യ ആരോപണം തള്ളിയിരുന്നു.

2025 ജൂണിൽ കാനഡയിലെ കനനാസ്കിസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും മാർക്ക് കാർണിയും നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ ശക്തമായി. തുടർന്ന് 2025 നവംബറിൽ ഔദ്യോഗിക വ്യാപാര ചർച്ചകൾ പുനരാരംഭിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു.

വ്യാപാരത്തിൽ ഇടിവ്

2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള ചരക്ക് വ്യാപാരം 8.7 ബില്യൺ ഡോളറായിരുന്നു. 2025-26ൽ ഇത് 8.23 ശതമാനം കുറഞ്ഞ് 7.95 ബില്യൺ ഡോളറായി.

അതേസമയം, ഇന്ത്യയുടെ കയറ്റുമതി 10.63 ശതമാനം വർധിച്ച് 4.67 ബില്യൺ ഡോളറിലെത്തി. കാനഡയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 26.14 ശതമാനം കുറഞ്ഞ് 3.28 ബില്യൺ ഡോളറായി.

മരുന്നുകൾ, ഇരുമ്പ്-ഉരുക്ക് ഉൽപ്പന്നങ്ങൾ, സമുദ്രവിഭവങ്ങൾ, കോട്ടൺ വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, രാസവസ്തുക്കൾ എന്നിവയാണ് ഇന്ത്യയുടെ പ്രധാന കയറ്റുമതി ഉൽപ്പന്നങ്ങൾ. ടെലികമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ, ഇൻഫർമേഷൻ സേവനങ്ങളും ഇന്ത്യ കാനഡയിലേക്ക് കയറ്റുമതി ചെയ്യുന്നു.

പരിപ്പുവർഗങ്ങൾ, മുത്തുകളും രത്നക്കല്ലുകളും, കൽക്കരി, വളങ്ങൾ, പേപ്പർ, ക്രൂഡ് പെട്രോളിയം എന്നിവയാണ് കാനഡയിൽ നിന്ന് ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്.

2000 ഏപ്രിൽ മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ കാനഡയിൽ നിന്ന് ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം (FDI) 4.8 ബില്യൺ ഡോളറാണ്. ഏകദേശം 2.9 ദശലക്ഷം ഇന്ത്യൻ വംശജരും 4.27 ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർഥികളും നിലവിൽ കാനഡയിലുണ്ടെന്നാണ് കണക്ക്.

അഞ്ചാം ഘട്ട ചർച്ചകൾ വിജയകരമായി പൂർത്തിയാക്കി വർഷാവസാനത്തോടെ സിഇപിഎ യാഥാർഥ്യമാക്കാനാകുമോ എന്നതിലേക്കാണ് ഇനി ഇരുരാജ്യങ്ങളുടെയും ശ്രദ്ധ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!