സനാ: യെമനില്‍ ഹൂതികള്‍ക്കെതിരെ സഖ്യസേനയുടെ വമ്പന്‍ സൈനിക നീക്കമായ ‘ഫജ്ര്‍ അല്‍ യെമന്‍’ (Fajr Al Yemen) ആരംഭിച്ചു. തന്ത്രപ്രധാനമായ ബാബ് അല്‍ മന്ദബ് കടലിടുക്ക് ഹൂതികളില്‍ നിന്ന് തിരിച്ചുപിടിച്ചതായി സൈന്യം പ്രഖ്യാപിച്ചു. 100 പോര്‍വിമാനങ്ങള്‍ അണിനിരന്ന വ്യോമാക്രമണത്തില്‍ ഹൂതികളുടെ 324 കേന്ദ്രങ്ങള്‍ തകര്‍ക്കുകയും 1,747 ഹൂതി പോരാളികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായി യെമന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
യെമന്‍ തലസ്ഥാനമായ സന തിരിച്ചുപിടിക്കാനും ഹൂതി അട്ടിമറി ഭരണത്തിന് പൂര്‍ണമായി അന്ത്യം കുറിക്കാനും യെമന്‍ സര്‍ക്കാരും സഖ്യസേനയും സംയുക്തമായി നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്. സഖ്യസേന വക്താവ് തുര്‍ക്കി അല്‍ മാലികി വാര്‍ത്താ സമ്മേളനത്തിലാണ് പോര്‍വിമാനങ്ങള്‍ നടത്തിയ മിന്നലാക്രമണത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്.യെമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ പ്രസിഡന്റ് റഷാദ് അല്‍-അലിമി പ്രഖ്യാപിച്ച ഈ സൈനിക നീക്കത്തില്‍ യെമന്‍ കരസേനയ്ക്ക് പൂര്‍ണ്ണ പിന്തുണയാണ് സഖ്യസേന വ്യോമാര്‍ഗ്ഗം നല്‍കുന്നത്.

ഹൂതി വിമതര്‍ അടുത്തിടെ പിടിച്ചടക്കിയ തീരദേശ മേഖലകളുടെ കിഴക്കന്‍ അതിര്‍ത്തികളില്‍ യെമന്‍ സര്‍ക്കാര്‍ അനുകൂല സേന തിങ്കളാഴ്ച രാവിലെ മുതല്‍ ശക്തമായ കരയാക്രമണം ആരംഭിച്ചിട്ടുണ്ട്. കരസേനയുടെ മുന്നേറ്റത്തിന് വഴിയൊരുക്കിക്കൊണ്ട് സഖ്യസേന വ്യോമാക്രമണം കൂടുതല്‍ ശക്തമാക്കി. വരും മണിക്കൂറുകളില്‍ രാജ്യത്ത് കൂടുതല്‍ ശക്തമായ സൈനിക നീക്കങ്ങള്‍ ഉണ്ടാകുമെന്നാണ് സഖ്യസേന നല്‍കുന്ന സൂചന.
