വാഷിങ്ടണ്‍: കുട്ടികളുടെ നഗ്നചിത്രങ്ങളും ലൈംഗിക ദൃശ്യങ്ങളും കൈവശം വെച്ച് അതിര്‍ത്തി കടത്തിയ കേസില്‍ കാനേഡിയന്‍ പൗരന് തടവ് ശിക്ഷ. മണ്‍ട്രിയോളില്‍ നിന്നുളള ഇരുപത്തിയഞ്ചപകാരനായ ഷെനൂര് ഗുര്ക്കോവിനാണ് അമേരിക്കന്‍ കോടതി ആറര വര്‍ഷം തടവുശിക്ഷ വിധിച്ചത്.
ന്യൂയോര്‍ക്കിലെ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ് യു.എസ് അറ്റോര്‍ണി ഓഫീസ് പ്രതിയുടെ ഫോണില്‍ നിന്ന് ഞെട്ടിക്കുന്ന രീതിയിലുള്ള നിയമവിരുദ്ധ ഫയലുകള്‍ കണ്ടെത്തിയതായി അറിയിച്ചിട്ടുണ്ട്. 2025 ഓഗസ്റ്റില്‍ ന്യൂയോര്‍ക്കിലെ അലക്സാണ്ട്രിയ ബേ പോര്‍ട്ട് ഓഫ് എന്‍ട്രി വഴി യു.എസ് – കാനഡ അതിര്‍ത്തി കടക്കുമ്പോള്‍, ഗുര്ക്കോവിന്റെ മൊബൈല്‍ ഫോണില്‍ കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട 700-ലധികം ഫയലുകള്‍ ഉണ്ടായിരുന്നുവെന്ന് കുറ്റസമ്മത ഹര്‍ജിയില്‍ ഇയാള്‍ സമ്മതിച്ചു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ലൈംഗിക ചൂഷണങ്ങളും തടയുന്നതിനായി പ്രവര്‍ത്തിക്കുന്ന ‘പ്രോജക്ട് സേഫ് ചൈല്‍ഡ്ഹുഡ്’ എന്ന ദേശീയ പദ്ധതിയുടെ ഭാഗമായാണ് അസിസ്റ്റന്റ് യു.എസ് അറ്റോര്‍ണി ബെന്‍ ഗില്ലിസ് ഈ കേസ് വിചാരണ നടത്തിയത്.

അതിര്‍ത്തി കടത്തിക്കൊണ്ടുവന്ന ഈ 700-ലധികം ഫയലുകള്‍ വെറുമൊരു ഡിജിറ്റല്‍ നിരോധിത വസ്തുക്കള്‍ മാത്രമല്ലെന്നും, കുട്ടികള്‍ നേരിട്ട ലൈംഗികാതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ വീണ്ടും പ്രചരിപ്പിക്കപ്പെടുമ്പോള്‍ ഇരയാക്കപ്പെട്ട കുട്ടികളുടെ മാനസികാഘാതം ഇരട്ടിക്കുകയാണെന്നും ഹോംലാന്റ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍സ് ആക്ടിങ് സ്പെഷ്യല്‍ ഏജന്റ് ആന്റണി പട്രോണ്‍ ചൂണ്ടിക്കാട്ടി.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും വിദേശ അധിഷ്ഠിത ഫയല്‍ ഷെയറിംഗ് ആപ്പുകളും ഉപയോഗിച്ച് വര്‍ഷങ്ങളോളം ഇത്തരം ദൃശ്യങ്ങള്‍ ശേഖരിച്ച ശേഷമാണ് ഗുര്ക്കോവ് അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. സെപ്റ്റംബര്‍ 15-നാണ് യു.എസ് കോടതി ഇയാള്‍ക്ക് തടവുശിക്ഷ വിധിച്ചത്. പ്രതിയെ ശിക്ഷിക്കുക വഴി ഇത്തരം ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് തടയാനും ഇരകളാക്കപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കാനും കഴിയുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
