കൊച്ചി: സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (PMLA) രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് തൃശൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഇ.ഡി പരിശോധന നടത്തുന്നത്.

അങ്കമാലി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേസില്‍ ഉള്‍പ്പെട്ടവരുടെ വസതികളിലടക്കം പുലര്‍ച്ചെ മുതല്‍ പരിശോധന ആരംഭിച്ചു. എറണാകുളത്ത് അഞ്ചും കോഴിക്കോട് ഏഴും കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് പുരോഗമിക്കുന്നത്. ഇ.ഡിയുടെ കൊച്ചി, കോഴിക്കോട് യൂണിറ്റുകളാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്. തട്ടിപ്പ് കേസുകളില്‍ മുന്‍പ് അറസ്റ്റിലായവരുടെ വീടുകളിലും ഇ.ഡി എത്തിയെങ്കിലും കരുവന്നൂര്‍ ബാങ്കില്‍ നിലവില്‍ പരിശോധനകളൊന്നും നടക്കുന്നില്ലെന്നാണ് സൂചന.
