Tuesday, October 6, 2026

ടൊറന്റോ നഗരസഭാ തിരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് മുതൽ

ടൊറന്റോ: ടൊറന്റോ നഗരസഭാ തിരഞ്ഞെടുപ്പിലെ മേയർ, സിറ്റി കൗൺസിൽ, സ്കൂൾ ട്രസ്റ്റി സ്ഥാനങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും. ഒക്ടോബർ 6 മുതൽ 11 വരെ രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക.

നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. വോട്ട് ചെയ്യേണ്ട കേന്ദ്രത്തിന്റെ വിവരങ്ങൾ വോട്ടർ ഇൻഫർമേഷൻ കാർഡിലൂടെയോ ടൊറന്റോ നഗരത്തിന്റെ ‘My Vote’ സംവിധാനത്തിലൂടെയോ പരിശോധിക്കാം. തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യുന്നതിനുള്ള കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും ആദ്യഘട്ട വോട്ടെടുപ്പ് കേന്ദ്രങ്ങൾ.

ഒക്ടോബർ 26 തിങ്കളാഴ്ചയാണ് പ്രധാന തിരഞ്ഞെടുപ്പ്. അന്ന് രാവിലെ 10 മുതൽ രാത്രി 8 വരെയാണ് വോട്ടെടുപ്പ്.

ആർക്കൊക്കെ വോട്ട് ചെയ്യാം?

18 വയസോ അതിൽ കൂടുതലോ പ്രായമുള്ള കനേഡിയൻ പൗരന്മാർക്ക് ടൊറന്റോ നഗരസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാം. ടൊറന്റോയിൽ താമസിക്കുന്നവർക്കാണ് സാധാരണയായി വോട്ടവകാശം. നഗരത്തിൽ സ്വത്ത് സ്വന്തമായുള്ളവർക്കും നിശ്ചിത നിബന്ധനകൾക്ക് വിധേയമായി വോട്ട് ചെയ്യാം.

വോട്ട് ചെയ്യുമ്പോൾ പേരും ടൊറന്റോയിലെ വിലാസവും വ്യക്തമാക്കുന്ന സാധുവായ തിരിച്ചറിയൽ രേഖ ഹാജരാക്കണം. സർക്കാർ രേഖകൾ, ഡ്രൈവിങ് ലൈസൻസ്, ബാങ്ക് രേഖകൾ, യൂട്ടിലിറ്റി ബില്ലുകൾ, തൊഴിലുടമ നൽകുന്ന ചില രേഖകൾ എന്നിവ അംഗീകരിക്കും. വിലാസം രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ പാസ്‌പോർട്ട് മാത്രം തിരിച്ചറിയൽ രേഖയായി സ്വീകരിക്കില്ല.

വോട്ട് ചെയ്യാൻ ജോലിയിൽ നിന്ന് അവധി ലഭിക്കുമോ?

വോട്ട് ചെയ്യുന്നതിനായി തുടർച്ചയായ മൂന്ന് മണിക്കൂർ ലഭിക്കുന്ന തരത്തിൽ ജോലി സമയത്തിൽ ക്രമീകരണം ആവശ്യപ്പെടാൻ വോട്ടർമാർക്ക് അവകാശമുണ്ട്. എന്നാൽ മൂന്ന് മണിക്കൂർ അധിക അവധി നൽകണമെന്നില്ല. വോട്ട് ചെയ്യാൻ ആവശ്യമായ മൂന്ന് മണിക്കൂർ ലഭിക്കുന്ന വിധത്തിൽ ജോലി സമയം ക്രമീകരിക്കുകയാണ് വ്യവസ്ഥ.

ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യങ്ങൾ

ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും വോട്ടർ അസിസ്റ്റ് ടെർമിനലുകൾ (VAT) ലഭ്യമാകും. ആവശ്യമായവർക്ക് സുഹൃത്തിന്റെയോ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെയോ സഹായം തേടാം.

വോട്ടിങ് കേന്ദ്രത്തിനുള്ളിലേക്ക് ശാരീരികമായി പ്രവേശിക്കാൻ കഴിയാത്തവർക്ക് വാഹനത്തിനരികിലോ കെട്ടിടത്തിന് പുറത്തോ ബാലറ്റ് എത്തിച്ച് വോട്ട് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്.

തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാൻ കഴിയാത്തവർ

ആദ്യഘട്ട വോട്ടെടുപ്പിലും തിരഞ്ഞെടുപ്പ് ദിവസവും വോട്ട് ചെയ്യാൻ കഴിയാത്തവർക്ക് യോഗ്യനായ മറ്റൊരാളെ വോട്ടിങ് പ്രോക്സിയായി നിയോഗിക്കാം. ഇതിനായി ആവശ്യമായ ഫോം സമർപ്പിച്ച് ടൊറന്റോ ഇലക്ഷൻസ് ഓഫീസിൽ നേരിട്ട് സാക്ഷ്യപ്പെടുത്തണം.

മെയിൽ വഴി വോട്ട് ചെയ്യുന്നതിനുള്ള രജിസ്ട്രേഷൻ സെപ്റ്റംബർ 24ന് അവസാനിച്ചിരുന്നു. രജിസ്റ്റർ ചെയ്തവർക്ക് ബാലറ്റ് പാക്കേജ് ഒക്ടോബർ 14 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് നിർദ്ദിഷ്ട ഡ്രോപ്പ് ബോക്സിലോ മുൻകൂർ പണമടച്ച കാനഡ പോസ്റ്റ് കവറിലോ തിരിച്ചയക്കണം.

ടൊറന്റോയിൽ താമസിക്കുന്ന യോഗ്യരായ വിദ്യാർഥികൾക്ക് സ്വന്തം മുനിസിപ്പാലിറ്റിയിലും ടൊറന്റോയിലും വോട്ട് ചെയ്യാൻ സാധിക്കും. ടൊറന്റോ സ്വദേശികളായ വിദ്യാർഥികൾ നഗരത്തിനുള്ളിൽ പഠിക്കുന്നുണ്ടെങ്കിൽ, പഠിക്കുന്ന സ്ഥലത്തെ വാർഡിലല്ല, സ്വന്തം താമസസ്ഥലത്തെ വാർഡിലാണ് വോട്ട് ചെയ്യേണ്ടത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!