കൊച്ചി: കളമശ്ശേരിയില്‍ യുവതിയെ ലഹരി നല്കി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന രണ്ടുപേര്‍ കൂടി വയനാട്ടില്‍ വെച്ച് പിടിയിലായി. അമൃത എന്ന ശരണ്യ, സഞ്ജു എന്നിവരെയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് കളമശ്ശേരിയിലേക്ക് കൊണ്ടുവരുന്നത്. കേസില്‍ നേരത്തെ ഇരിക്കാവ് സ്വദേശി ശ്രീരാജ് (30), തേവക്കല്‍ സ്വദേശി ജിത്ത് മാര്ട്ടിന് (27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സ്പായില്‍ ജോലി വാഗ്ദാനം ചെയ്ത് അഭിമുഖത്തിനെന്ന വ്യാജേന വിളിച്ചുവരുത്തിയാണ് വിവാഹിതയായ യുവതിയെ പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ മാസം രണ്ടാം തീയതി ഇടപ്പള്ളിയിലെ ഒരു ലോഡ്ജിലെത്തിച്ച് യുവതിക്ക് ബിയറും മയക്കുമരുന്നും നല്കി സംഘം പലതവണ ലൈംഗികമായി അതിക്രമിക്കുകയായിരുന്നു. സ്പായുടെ മറവില്‍ പെണ്‍വാണിഭം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
