Thursday, October 8, 2026

ചർച്ചിൽ ഫോൾസ് ജലവൈദ്യുത പദ്ധതി: കെബെക്ക് നിയുക്ത പ്രീമിയറുമായി ചർച്ച നടത്തി വേക്ക്‌ഹാം

സെന്റ് ജോൺസ്: ചർച്ചിൽ ഫോൾസ് ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട കരാർ വിഷയത്തിൽ കെബെക്കും ന്യൂഫിൻലൻഡ് ആൻഡ് ലബ്രഡോറും തമ്മിലുള്ള ചർച്ചകൾക്ക് തുടക്കമായി. കെബെക്ക് നിയുക്ത പ്രീമിയർ പോൾ സെന്റ് പിയർ പ്ലാമൊണ്ടനും ന്യൂഫിൻലൻഡ് ആൻഡ് ലബ്രഡോർ പ്രീമിയർ ടോണി വേക്ക്‌ഹാമും ബുധനാഴ്ച ഫോണിൽ സംസാരിച്ചു.

കെബെക്ക് പൊതുതിരഞ്ഞെടുപ്പിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ ആശയവിനിമയമാണിത്. ചർച്ചിൽ ഫോൾസ്, ഗൾ ഐലൻഡ് പദ്ധതികളുമായി ബന്ധപ്പെട്ട നിർണായക സഹകരണവും നടപ്പാക്കൽ കരാറുമാണ് ചർച്ചയിൽ പ്രധാനമായും പരിഗണിച്ചത്.

ചർച്ചിൽ ഫോൾസ് ജലവൈദ്യുത നിലയത്തിലെ നിലവിലെ വൈദ്യുതി വിപണന കരാറിൽ നിർദേശിച്ചിട്ടുള്ള മാറ്റങ്ങളും പുതിയ ഊർജ വികസന പദ്ധതികളും ചർച്ചയുടെ ഭാഗമായതായി വേക്ക്‌ഹാമിന്റെ ഓഫീസ് അറിയിച്ചു.

പുതിയ പ്രീമിയർ പ്ലാമൊണ്ടന് വിഷയങ്ങൾ പൂർണമായി മനസ്സിലാക്കാൻ സമയം ആവശ്യമാണെന്നും അദ്ദേഹവുമായി ശക്തമായ പ്രവർത്തനബന്ധം സ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും വേക്ക്‌ഹാമിന്റെ ഓഫീസ് വ്യക്തമാക്കി.

കെബെക്ക് തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പദ്ധതികൾ റദ്ദാക്കുകയോ കരാറിൽ വലിയ മാറ്റങ്ങൾ വരുത്തുകയോ ചെയ്യുമെന്നതിന് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് വേക്ക്‌ഹാം പറഞ്ഞു. കരാർ തന്നെ കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ടെന്നും വിഷയത്തിൽ തനിക്ക് പൂർണ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മൗണ്ട് പേൾ-പാരഡൈസ് ചേംബർ ഓഫ് കൊമേഴ്സ് യോഗത്തിൽ സംസാരിക്കവെയാണ് വേക്ക്‌ഹാം ഫോൺ സംഭാഷണത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്. പടിഞ്ഞാറൻ ലബ്രഡോറിലെ വിവിധ പരിപാടികളും സർക്കാർ പ്രഖ്യാപനങ്ങളും പൂർത്തിയാക്കി സെന്റ് ജോൺസിലേക്ക് യാത്ര ചെയ്യുന്നതിനിടെയുണ്ടായ ബുദ്ധിമുട്ടുകൾ കാരണം പ്ലാമൊണ്ടനുമായി നേരത്തെ സംസാരിക്കാൻ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!