ടൊറന്റോ: കാനഡയിലെ പ്രമുഖ സ്റ്റീൽ നിർമ്മാണ കമ്പനിയായ സ്റ്റെൽകോ (Stelco) ഒന്റാരിയോയിലെ ഹാമിൽട്ടൺ പ്ലാന്റിൽ കൂട്ടപ്പിരിച്ചുവിടൽ ആരംഭിച്ചു. വരും ആഴ്ചകളിൽ ഘട്ടങ്ങളായി ഇവിടെയുള്ള 350-ഓളം തൊഴിലാളികൾക്ക് ജോലി നഷ്ടമാകുമെന്ന് യുണൈറ്റഡ് സ്റ്റീൽവർക്കേഴ്സ് (USW) ലോക്കൽ 1005 യൂണിയൻ പ്രസിഡന്റ് അറിയിച്ചു. കരാർ ജീവനക്കാരെക്കൂടി ഉൾപ്പെടുത്തിയാൽ ഇത് 500 ഓളം പേരെ ബാധിച്ചേക്കുമെന്നാണ് സൂചന.
കനേഡിയൻ സ്റ്റീൽ ഉൽപന്നങ്ങൾക്ക് മേൽ അമേരിക്ക ചുമത്തിയ ഉയർന്ന നികുതികൾ (Tariffs), വിപണിയിലെ വിലക്കുറവ്, വിദേശത്ത് നിന്നുള്ള കുറഞ്ഞ വിലയിലുള്ള ഇറക്കുമതി എന്നിവയാണ് കമ്പനിയെ പെട്ടെന്നുള്ള ഈ തീരുമാനത്തിലേക്ക് നയിച്ചത്. ഹാമിൽട്ടൺ പ്ലാന്റിലെ കോൾഡ് മിൽ (Cold Mill), കോട്ടിങ് (Coating) എന്നീ വിഭാഗങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുന്നതാണ് ജീവനക്കാരെ നേരിട്ട് ബാധിക്കുന്നത്.

2024-ൽ സ്റ്റെൽകോ കമ്പനി ഏറ്റെടുത്ത അമേരിക്കൻ ഉടമകളായ ക്ലീവ്ലാൻഡ്-ക്ലിഫ്സ് (Cleveland-Cliffs), കാനഡയിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കില്ല എന്ന് കനേഡിയൻ സർക്കാരുമായി അഞ്ച് വർഷത്തെ കരാറിൽ ഒപ്പിട്ടിരുന്നു. ഈ കരാറിന്റെ നഗ്നമായ ലംഘനമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.
കരാർ വ്യവസ്ഥകൾ പാലിക്കാത്തപക്ഷം കമ്പനിക്കെതിരെ കടുത്ത നിയമനടപടികളിലേക്ക് നീങ്ങുമെന്ന് കനേഡിയൻ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനിടെ, ജോലി നഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് ആവശ്യമായ എല്ലാ പിന്തുണയും ആനുകൂല്യങ്ങളും ഉറപ്പാക്കാനുള്ള ശ്രമങ്ങളിലാണ് തൊഴിലാളി യൂണിയനുകൾ.
