വാഷിങ്ടണ്‍: ബെര്‍മുഡയില്‍ നിന്ന് യുഎസിലെ ബോസ്റ്റണിലേക്ക് പോകുന്നതിനിടെ അറ്റ്ലാന്റിക് സമുദ്രത്തില്‍ തകര്‍ന്നുവീണ മെഡിക്കല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് വിമാനത്തിലുണ്ടായിരുന്ന നാല് കനേഡിയന്‍ പൗരന്മാരുടെ വിവരങ്ങള്‍ യു.എസ്. കോസ്റ്റ് ഗാര്‍ഡ് പുറത്തുവിട്ടു. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ദാരുണ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന ആറുപേരും കൊല്ലപ്പെട്ടതായാണ് നിഗമനം.
കാനഡയിലെ ഹാമില്ട്ടണ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ലാറ്റിറ്റിയൂഡ് എയര്‍ ആംബുലന്‍സ്’ കമ്പനിയുടെ ‘ഗള്ഫ്സ്ട്രീം ജി 100’ (ഹാര്‍ട്ട്ബീറ്റ് 104) വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
വിമാനത്തിലുണ്ടായിരുന്നവര്‍:
ഫിലിപ്പ് ഗ്രെഗറി ചൈല്ഡര്ഹോസ് (ക്യാപ്റ്റന്‍ – ഓക്വില്ലെ, ഒന്റാരിയോ)
തോമസ് ഹെന്റി ഫാര്ക്കര് (ഫസ്റ്റ് ഓഫീസര്‍ – ബ്രാന്റ്ഫോര്‍ഡ്, ഒന്റാരിയോ)
സാറ ജെയ്ന്‍ പേറ്റണ് (ഫ്ലൈറ്റ് നഴ്സ് – നയാഗ്ര)
ജോലിന് ബെത്ത് വിയര് (റെസ്പിറേറ്ററി തെറാപ്പിസ്റ്റ്)
മേരിലിന് ലാവോണ്‍ ബീന്‍ (66) (രോഗി – ബെര്‍മുഡന്‍ പൗരന്)
സെര്‍ജിയോ വെയ്ന്‍ ലോട്ടിമോര് (41) (രോഗിയുടെ മകന്)

ശനിയാഴ്ച പുലര്‍ച്ചെ ബെര്‍മുഡയില്‍ നിന്ന് യാത്രതിരിച്ച വിമാനവുമായുള്ള ബന്ധം മസാച്യുസെറ്റ്സിലെ നാന്റക്കറ്റ് ദ്വീപിന് സമീപത്തുവെച്ച് നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ 11,500 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വന്‍ തിരച്ചില്‍ നടത്തിയെങ്കിലും വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ് കണ്ടെത്താനായത്. ഞായറാഴ്ച രാത്രിയോടെ തിരച്ചില്‍ അവസാനിപ്പിച്ചു.
വിമാനം കാനഡയില്‍ രജിസ്റ്റര്‍ ചെയ്തതായതിനാല്‍ അപകടത്തെക്കുറിച്ച് കാനഡ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡ് (TSB) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിന്റെ ഇലക്ട്രിക്കല്‍ സംവിധാനത്തിലുണ്ടായ തകരാറാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബ്ലാക്ക് ബോക്സ് കണ്ടെത്തുന്നതിനായി സോണാര്‍ സംവിധാനമുള്ള യാനങ്ങളെ ഉപയോഗിച്ച് കടലില്‍ തിരച്ചില്‍ തുടരുകയാണ്.
