റെജൈന: പ്രശസ്ത കോമിക് സൂപ്പര്‍ഹീറോ കഥാപാത്രങ്ങളായ ഡെഡ്പൂള്‍ (Deadpool), വുള്‍വറിന്‍ (Wolverine) എന്നിവരുടെ ചിത്രങ്ങള്‍ പതിപ്പിച്ച അപൂര്‍വ്വ സ്വര്‍ണ്ണ, വെള്ളി നാണയങ്ങള്‍ (Collectible Coins) പുറത്തിറക്കി റോയല്‍ കനേഡിയന്‍ മിന്റ്. രാജ്യാന്തര നാണയ നിര്‍മ്മാതാക്കളായ അഗോറോയുമായി (Agoro) സഹകരിച്ചാണ് ഈ പരിമിത പതിപ്പ് ശേഖരം പുറത്തിറക്കിയിരിക്കുന്നത്.
മാര്‍വലിന്റെ എക്‌സ്-മെന്‍ (X-Men) ഫ്രാഞ്ചൈസിയിലെ ജനപ്രിയ കഥാപാത്രങ്ങളായ ഇരുവരും കനേഡിയന്‍ പശ്ചാത്തലമുള്ളവരാണ്. കഥകള്‍ പ്രകാരം വുള്‍വറിന്‍ (ജെയിംസ് ഹൗലറ്റ്) ആല്‍ബര്‍ട്ടയിലും, ഡെഡ്പൂള്‍ (വേഡ് വില്‍സണ്‍) സസ്‌കച്വാനിലെ റെജൈനയിലുമാണ് ജനിച്ചത്. 2024-ല്‍ പുറത്തിറങ്ങിയ ‘ഡെഡ്പൂള്‍ & വുള്‍വറിന്‍’ എന്ന ചിത്രത്തിലൂടെ ഇരുവരും ഒന്നിച്ചെത്തി ആഗോളതലത്തില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

നാണയങ്ങളുടെ പ്രത്യേകതകള്‍:
സ്വര്‍ണ്ണ നാണയം: 99 ശതമാനം ശുദ്ധതയുള്ള 1/4 ഔണ്‍സ് സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച ഈ പ്രത്യേക നാണയങ്ങള്‍ 1,500 എണ്ണം മാത്രമാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഇരു കഥാപാത്രങ്ങളുടെയും ചിത്രങ്ങള്‍ ഒന്നിച്ചു കൊത്തിവെച്ചിട്ടുള്ള ഈ നാണയം സുതാര്യമായ അക്രിലിക് ഫ്രെയിമിലും പ്രത്യേക പെട്ടിയിലുമാണ് നല്‍കുന്നത്.
വെള്ളി നാണയം: 99.9 ശതമാനം ശുദ്ധതയുള്ള 1 ഔണ്‍സ് വെള്ളി നാണയങ്ങള്‍ ഓരോ കഥാപാത്രത്തിനുമായി 10,000 എണ്ണം വീതം പുറത്തിറക്കിയിട്ടുണ്ട്. ഡെഡ്പൂളിന്റെയും വുള്‍വറിന്റെയും തനത് ശൈലിയിലുള്ള വര്‍ണ്ണാഭമായ ചിത്രങ്ങളും, പശ്ചാത്തലത്തില്‍ കാനഡയുടെ ദേശീയ ചിഹ്നമായ മാപ്പിള്‍ ഇലയും നാണയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നാണയങ്ങളുടെ മറുഭാഗത്ത് കഥാപാത്രങ്ങളുടെ കൈയ്യുറ ധരിച്ച കൈകളുടെ ചിത്രവും സിനിമയിലെ പ്രശസ്തമായ ‘Time to give the people what they came for’ എന്ന വാചകവും രേഖപ്പെടുത്തിയിട്ടുണ്ട്.
കനേഡിയന്‍ ഐഡന്റിറ്റിയും ദേശീയ അഭിമാനവും ആഗോളതലത്തില്‍ ഉയര്‍ത്തിക്കാട്ടുന്നതിന്റെ ഭാഗമായാണ് ഈ സംരംഭമെന്ന് റോയല്‍ കനേഡിയന്‍ മിന്റ് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ടോം ഫ്രോഗാട്ട് വ്യക്തമാക്കി. ആവശ്യക്കാര്‍ക്ക് റോയല്‍ കനേഡിയന്‍ മിന്റിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് (www.mint.ca) വഴിയോ ഓട്ടവ, വിനിപെഗ് എന്നിവിടങ്ങളിലെ മിന്റ് ബുട്ടീക്കുകള്‍ വഴിയോ നാണയങ്ങള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.
