Friday, October 9, 2026

കാനഡയില്‍ വന്‍ തൊഴില്‍ നഷ്ടം; സെപ്റ്റംബറില്‍ 68,300 തൊഴിലുകള്‍ നഷ്ടമായി; തൊഴില്ലായ്മ 6.5 ശതമാനത്തിലെത്തി

ഓട്ടവ: അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കം തുടരുന്നതിനിടെ കനേഡിയന്‍ സമ്പദ്വ്യവസ്ഥയില്‍ വന്‍ തിരിച്ചടി. സെപ്റ്റംബര്‍ മാസത്തില്‍ രാജ്യത്ത് 68,300 തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ. വിപണി നിരീക്ഷകര്‍ 9,200 പുതിയ തൊഴിലവസരങ്ങള്‍ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണ് ഈ വലിയ ഇടിവ് രേഖപ്പെടുത്തിയത്.

ഇതോടെ രാജ്യത്തെ തൊഴില്ലായ്മ നിരക്ക് 0.1 ശതമാനം ഉയര്‍ന്ന് 6.5 ശതമാനത്തിലെത്തി. ഓഗസ്റ്റില്‍ 42,000 തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടതിന് പിന്നാലെ തുടര്‍ച്ചയായ രണ്ടാം മാസമാണ് രാജ്യത്ത് തൊഴില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ഈ തിരിച്ചടിയോടെ 2026-ന്റെ തുടക്കത്തില്‍ കൈവരിച്ച തൊഴില്‍ നേട്ടങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതായി. തൊഴില്‍ വിപണിയിലെ ഈ മന്ദഗതിയെത്തുടര്‍ന്ന് കനേഡിയന്‍ ഡോളറിന്റെ മൂല്യം 2025 ആദ്യത്തിന് ശേഷം ആദ്യമായി 0.70 യു.എസ് ഡോളറിന് താഴേക്ക് പതിച്ചു.

രാജ്യത്തെ തൊഴില്‍ നിരക്ക് (Employment Rate) 60.6 ശതമാനമായും ലേബര്‍ ഫോഴ്സ് പങ്കാളിത്ത നിരക്ക് 64.8 ശതമാനമായും കുറഞ്ഞു. പൊതുമേഖലയിലാണ് ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടം ഉണ്ടായത്. ഇവിടെ 70,000 തസ്തികകള്‍ (1.5%) ഇല്ലാതായി. പൊതുമേഖലയിലെ തുടര്‍ച്ചയായ നാലാം മാസത്തെ ഇടിവാണിത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പൊതുമേഖലാ തൊഴിലുകളില്‍ 2.6 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. വിദ്യാഭ്യാസ സേവന മേഖലയിലാണ് ഇതില്‍ ഭൂരിഭാഗവും.

15 നും 24 നും ഇടയില്‍ പ്രായമുള്ള യുവാക്കളെയും (48,000 തൊഴില്‍ നഷ്ടം), 25 നും 54 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയുമാണ് (28,000 തൊഴില്‍ നഷ്ടം) ഈ പ്രതിസന്ധി പ്രധാനമായും ബാധിച്ചത്. സേവന മേഖലയില്‍ ആകെ 52,300 തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു. പ്രവിശ്യകളില്‍ 49,000 തൊഴിലുകള്‍ നഷ്ടപ്പെട്ട ക്യുബെക്കിലാണ് (Quebec) ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്. ബ്രിട്ടീഷ് കൊളംബിയ, മണിറ്റോബ എന്നീ പ്രവിശ്യകളിലും തൊഴില്‍ ഇടിവ് രേഖപ്പെടുത്തി. എന്നാല്‍ അല്‍ബെര്‍ട്ട 23,000 തൊഴിലവസരങ്ങള്‍ (+0.9%) കൂട്ടിച്ചേര്‍ത്തപ്പോള്‍ ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്റ് ലാബ്രഡോര്‍, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് എന്നീ പ്രവിശ്യകളിലും നേരിയ വര്‍ധനയുണ്ടായി.

അതേസമയം, ശരാശരി മണിക്കൂര്‍ വേതനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സെപ്റ്റംബറില്‍ 2.3 ശതമാനം വര്‍ധിച്ച് 37.64 കനേഡിയന്‍ ഡോളറിലെത്തി ($0.86 വര്‍ധന). ആഗസ്റ്റില്‍ ഇത് 2.0 ശതമാനമായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!