ടൊറന്റോ: പാട്ടും നൃത്തവും ചിരിയുമെല്ലാമായി കാനഡയിലെ വിവിധ മലയാളിസമൂഹങ്ങളിൽ തരംഗമായി മാറിയ റിമി ടോമി ലൈവ് ഷോ ഒക്ടോബർ 10 ശനിയാഴ്ച ടൊറന്റോയിൽ. മഹാഓണത്തിന്റെ സംഘാടകരായ ലെവിറ്റേറ്റ് എന്റർടെയൻമെന്റ് നേരിട്ട് നടത്തുന്ന ഈ ഷോ വിറ്റ്ബിയിലെ കാനഡ ഇവന്റ് സെന്ററിലാണ് നടക്കുക. കാണികൾക്ക് ആവേശം പകരുന്നതിനായി ഡാൻസ് മൽസരവും നടത്തുന്നുണ്ട്. ഏതാനും ടിക്കറ്റുകൾക്കൂടി ലഭ്യമാണെന്ന് ലെവിറ്റേറ്റ് എന്റർടെയ്ൻമെന്റ് സിഇഒ ജെറിൻ രാജ് അറിയിച്ചു.
ഒരാഴ്ച മുൻപ് വാൻകൂവറിൽ തുടക്കമിട്ട ഷോയ്ക്ക് പിന്നാലെ വേദിയൊരുക്കിയ എഡ്മിന്റനും ലണ്ടൻ ഒന്റരിയോയിലും കാഴ്ചക്കാരിൽനിന്ന മികച്ച പ്രതികരണമാണ് ലഭിച്ചത്. വെള്ളിയാഴ്ച ഹാമിൽട്ടണിലെ ഷോയുണ്ടാകും. പിറ്റേന്നാണ് ടൊറന്റോ ഷോയ്ക്കായി അരങ്ങൊരുങ്ങുന്നത്. സംഗീതസാന്ദ്രമായ ഷോയാണെങ്കിലും റിമി ടോമിയുടെ പ്രത്യേകതകൊണ്ട് സംഗീതവും നൃത്തവും ചിരിയരങ്ങുമെല്ലാമായി മാറുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. റിമിക്ക് കൂട്ടായി പിന്നണി ഗായകരായ ശ്രീനാഥും കൗശിക്കുമുണ്ട്. ഇരുവരും യുവതലമുറയെ ആവേശഭരിതമാക്കുന്ന പ്രകടനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. റിമിയാകട്ടെ, മുതിർന്നവർക്ക് ഇപ്പോഴും പ്രിയപ്പെട്ട ഗായിക റിമിയാകട്ടെ കാണികളെല്ലാവരെയും കയ്യിലെടുക്കുന്നതിൽ അസാമാന്യമാണ് വൈഭവമാണുള്ളത്.

മൂവരുംകൂടി ടൊറന്റോയിലെ കാഴ്ചക്കാർക്കും വ്യത്യസ്തമായ അനുഭവക്കൂട്ടൊരുക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. മറ്റു ഷോകളിലെ മികച്ച പ്രതികരണം തുണയാകുമെന്നും കരുതുന്നു. പാട്ടു പരിപാടിക്കെത്തുന്നവരെ കാത്തിരിക്കുന്നത് മികച്ച നൃത്തസംഘങ്ങളുടെ പ്രകടനംകൂടിയാണ്. ശനിയാഴ്ച വൈകിട്ട് നാലരയ്ക്ക് നടക്കുന്ന ഡാൻസ് മൽസരത്തിലെ വിജയികൾക്ക് 1111 ഡോളറും ട്രോഫിയും സമ്മാനമായും ലഭിക്കും.
ടൊറന്റോ ഷോയ്ക്കുശേഷം മറ്റൊരു ചരിത്രംകൂടി എഴുതാനുള്ള ഒരുക്കത്തിലാണ് റിമിയും സംഘവും. ഒക്ടോബർ 11 ഞായറാഴ്ച ന്യൂഫിൻലൻഡിലെ ആദ്യ വൻ മലയാളി ഷോയ്ക്കായാകും ഹോളി ഹാർട്ട് തിയറ്റർ സാക്ഷ്യംവഹിക്കുക.
ടിക്കറ്റുകൾക്ക് ലെവിറ്റേറ്റ് വെബ്സൈറ്റ് സന്ദർശിക്കുക:https://levitateinc.ca
