ഓട്ടവ: കാനഡയില്‍ ജനനനിരക്കില്‍ റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോര്‍ട്ട്. രാജ്യത്ത് ഒരു സ്ത്രീക്ക് ശരാശരി 1.26 കുട്ടികള്‍ എന്ന നിരക്കിലേക്ക് ജനനനിരക്ക് താഴ്ന്നു. ജനനനിരക്കില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യത്തെ ഭൂരിഭാഗം പ്രവിശ്യകളിലും ടെറിട്ടറികളിലും സമാനമായ സ്ഥിതിയാണുള്ളത്.
റിപ്പോര്‍ട്ട് പ്രകാരം, ലോകത്ത് ഏറ്റവും കുറഞ്ഞ ജനനനിരക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് നിലവില്‍ കാനഡ. പട്ടികയില്‍ ദക്ഷിണ കൊറിയയാണ് ഏറ്റവും കുറഞ്ഞ നിരക്കോടെ (0.80) ഒന്നാമത്. അമേരിക്ക (1.57), ഐസ്ലാന്‍ഡ് (1.56), ഫ്രാന്‍സ് (1.56) എന്നീ രാജ്യങ്ങളാണ് ഉയര്‍ന്ന നിരക്കുകളുമായി മുന്നില്‍ നില്‍ക്കുന്നത്.

അമ്മമാരാകുന്ന സ്ത്രീകളുടെ ശരാശരി പ്രായം ഉയരുന്നു
പ്രസവിക്കുന്ന സ്ത്രീകളുടെ ശരാശരി പ്രായം ഉയരുന്നതാണ് കാനഡ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. 1976-ല്‍ അമ്മമാരാകുന്ന സ്ത്രീകളുടെ ശരാശരി പ്രായം 26.7 വയസ്സായിരുന്നെങ്കില്‍, അത് 31.9 വയസ്സായി ഉയര്‍ന്ന് പുതിയ റെക്കോര്‍ഡിലെത്തി.
തൊഴില്‍പരമായ തിരക്കുകള്‍, ഉയര്‍ന്ന ജീവിതച്ചെലവ്, ജീവിതശൈലീ മാറ്റങ്ങള്‍, വൈകിയുള്ള ഗര്‍ഭധാരണം എന്നിവയാണ് ഈ മാറ്റത്തിന് പ്രധാന കാരണങ്ങളെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, സ്ത്രീകളില്‍ എന്‍ഡോമെട്രിയോസിസ് (Endometriosis), പോളിസിസ്റ്റിക് ഒവറി സിന്‍ഡ്രോം (PCOS) തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ധിച്ചു വരുന്നതും ഗര്ഭധാരണസാധ്യതകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
