എഡ്മിന്റണ്‍: ആല്‍ബര്‍ട്ട പ്രവിശ്യ കാനഡയുടെ ഭാഗമായി തുടരണമോ അതോ വേര്‍പിരിയണോ എന്നതടക്കമുള്ള സുപ്രധാന വിഷയങ്ങളില്‍ ജനവിധി തേടുന്ന റഫറണ്ടത്തിന്റെ (ജനഹിതപരിശോധന) അഡ്വാന്‍സ് വോട്ടിങ് ഈ ആഴ്ച ആരംഭിക്കുന്നു. ഒക്ടോബര്‍ 19-നാണ് പ്രധാന വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. തപാല്‍ വോട്ടുകള്‍ക്കായുള്ള അപേക്ഷകളില്‍ ഉണ്ടായ വന്‍ വര്‍ധന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വോട്ടര്പങ്കാളിത്തത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പോളിങ് തടസ്സമില്ലാതെ പൂര്‍ത്തിയാക്കാന്‍ പൂര്‍ണ്ണ സജ്ജരാണെന്ന് ഇലക്ഷന്‍സ് ആല്‍ബര്‍ട്ട വക്താവ് മായ ഹാന്റഹാന് അറിയിച്ചു.
പ്രവിശ്യയിലെ 30 ലക്ഷത്തോളം വരുന്ന രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ 85 ശതമാനത്തോളം പേര് വോട്ട് രേഖപ്പെടുത്തുമെന്നാണ് ഇലക്ഷന് ഏജന്‍സിയുടെ കണക്കുകൂട്ടല്‍. ഏകദേശം 6,58,000 പേര് തപാല്‍ വോട്ടിനായി അപേക്ഷിച്ചിരുന്നു. ഇതില്‍ 3,00,000-ത്തിലധികം പൂര്‍ത്തിയാക്കിയ ബാലറ്റുകള്‍ വെള്ളിയാഴ്ചയ്ക്കകം തിരികെ ലഭിച്ചിട്ടുണ്ട്. വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ 4.5 കോടി ബാലറ്റ് പേപ്പറുകളും പേപ്പര്‍ വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ 60,000-ത്തിലധികം ജീവനക്കാരെയും ആവശ്യമുണ്ട്. ഇതുവരെ 44,000-ത്തോളം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. പ്രവിശ്യയിലുടനീളം അഡ്വാന്‍സ് വോട്ടിങിനായി 310 കേന്ദ്രങ്ങളും ഒക്ടോബര്‍ 19-ലെ പ്രധാന വോട്ടിങ് ദിനത്തില്‍ 1,400-ലധികം കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും.

പ്രീമിയര്‍ ഡാനിയല്‍ സ്മിത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആകെ 10 ചോദ്യങ്ങളാണ് റഫറണ്ടത്തില്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. ആല്‍ബര്‍ട്ട കാനഡയില്‍ തന്നെ തുടരണമോ അതോ രാജ്യത്തുനിന്ന് വേര്‍പിരിയുന്നതിനായി രണ്ടാമതൊരു നിയമപരമായ വോട്ടെടുപ്പിലേക്ക് കടക്കണമോ എന്ന ചോദ്യമാണ് ഇതില്‍ പ്രധാനം. കൂടാതെ കുടിയേറ്റ നിയമ പരിഷ്കരണവും താല്‍ക്കാലിക തൊഴിലാളികള്‍ക്കും താമസക്കാര്‍ക്കും ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്നതിന് ഫീസ് ഈടാക്കണമോ എന്നത് സംബന്ധിച്ച 5 ചോദ്യങ്ങളും കാനഡയുടെ ഭരണഘടനയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ പ്രീമിയര്‍ക്ക് അധികാരം നല്കുന്ന 4 ചോദ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
തപാല്‍ ബാലറ്റുകള്‍ അയച്ചതില്‍ ചില സാങ്കേതിക പിഴവുകള്‍ സംഭവിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഏകദേശം 300 വോട്ടര്‍മാര്‍ക്ക് അയച്ച പേപ്പറില്‍ ചോദ്യങ്ങള്‍ വിട്ടുപോയതായും 3,000 തപാല്‍ വോട്ടുകളില്‍ ആവശ്യമായ രേഖകള്‍ പൂര്‍ണ്ണമല്ലെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവരുമായി നേരിട്ട് ബന്ധപ്പെട്ട് തെറ്റുകള്‍ തിരുത്താനുള്ള നടപടികള്‍ ഇലക്ഷന് ഏജന്‍സി സ്വീകരിച്ചു വരുന്നു. ഓപ്പോസിഷന്‍ കക്ഷിയായ എന്‍.ഡി.പി സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെങ്കിലും റഫറണ്ടം ഏജന്‍സി കാര്യക്ഷമമായി തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്ന് പ്രീമിയര്‍ ഡാനിയല്‍ സ്മിത്ത് വ്യക്തമാക്കി. വോട്ടര്‍മാര്‍ ചോദ്യങ്ങള്‍ മുന്‍കൂട്ടി വായിച്ചു മനസ്സിലാക്കി കൃത്യമായി വോട്ട് രേഖപ്പെടുത്തണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
