ഡല്ഹി: എല്ലാ സമരങ്ങളും ഒറ്റ ലക്ഷ്യത്തിന് വേണ്ടിയുള്ളതാണെന്ന് കോക്രോച്ച് ജനതാ പാര്ട്ടി (സിജെപി) സ്ഥാപകന് അഭിജിത് ദീപ്കെ വ്യക്തമാക്കി. ഇന്ത്യാസഖ്യവും സിജെപിയും ഒരേ ലക്ഷ്യത്തിനായാണ് പോരാടുന്നതെന്നും, സിജെപി എപ്പോഴും ഒരു സ്വതന്ത്ര സമ്മര്ദ ഗ്രൂപ്പായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. സമരത്തിന്റെ ഭാഗമായി താന് ഉടന് ഡല്ഹിയിലേക്ക് തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
‘ഞങ്ങളുടെയെല്ലാം പ്രതിഷേധങ്ങളും സമരങ്ങളും ഒരേ ലക്ഷ്യത്തിന് വേണ്ടിയാണ്. തിരഞ്ഞെടുപ്പില് കൃത്രിമം കാട്ടുന്നതിലൂടെയും, അധികാരം നിലനിര്ത്താന് നരേന്ദ്ര മോദിയെ സഹായിക്കുന്നതിലൂടെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാര് സ്വീകരിക്കുന്ന നടപടികള്ക്കെതിരെയാണ് എല്ലാവരും പോരാടുന്നത്,’ അഭിജിത് ദീപ്കെ വ്യക്തമാക്കി. കോക്രോച്ച് ജനതാ പാര്ട്ടി ഒരു സ്വതന്ത്ര സമ്മര്ദ്ദ ഗ്രൂപ്പായി തുടരുമെന്നും, അതിനര്ത്ഥം പാര്ട്ടി ഇന്ത്യാ സഖ്യത്തിന് എതിരാണെന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റവും തങ്ങളുടെ മുന്നേറ്റവും ഒരേ ലക്ഷ്യത്തിനു വേണ്ടിയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിക്കെതിരെയും അദ്ദേഹം രൂക്ഷ വിമര്ശനമുന്നയിച്ചു. രാജ്യത്ത് അടിയന്തരാവസ്ഥ ഏര്പ്പെടുത്താന് നിങ്ങള് ഉറച്ചു തീരുമാനിച്ചിട്ടുണ്ടെങ്കില്, അത് നടപ്പിലാക്കാന് ആഗ്രഹിക്കുന്നുണ്ടെങ്കില് ഔദ്യോഗികമായിത്തന്നെ ചെയ്യുകയെന്ന് അദ്ദേഹം വെല്ലുവിളിച്ചു. ജന്തര്മന്തറില് ത്രിവര്ണ്ണ പതാക ഉയര്ത്തിയതിന്റെ പേരില് മാത്രം ആളുകളെ അഞ്ച് ദിവസത്തേക്ക് തടങ്കലില് വെച്ചുകൊണ്ട്, അനൗദ്യോഗിക അടിയന്തരാവസ്ഥ അടിച്ചേല്പ്പിച്ച് നിങ്ങളെന്തിനാണ് ഭീരുക്കളെപ്പോലെ പെരുമാറുന്നത്? യഥാര്ത്ഥ അടിയന്തരാവസ്ഥാ കാലത്ത് പോലും കാര്യങ്ങള് ഇത്രത്തോളം വഷളായിരുന്നില്ല. ഈ രാജ്യത്ത് ത്രിവര്ണ്ണ പതാക ഉയര്ത്തുന്നത് എപ്പോഴാണ് ഇത്ര വലിയൊരു കുറ്റകൃത്യമായി മാറിയതെന്നും അദ്ദേഹം ചോദിച്ചു.
ജന്തര്മന്തറിലെ മിന്നല് പ്രതിഷേധത്തില് അറസ്റ്റിലായ സിജെപി നേതാക്കള് നിലവില് തിഹാര് ജയിലിലാണ്. അഞ്ച് ദിവസം റിമാന്ഡിലായ സിജെപി സഹകണ്വീനര്മാരായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയേയുമാണ് ജയിലില് എത്തിച്ചിരിക്കുന്നത്. എന്നാല് കേസില് അജിങ്ക്യാ ഷിന്ഡെയ്ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
