അബുദാബി: ലോക രാജ്യങ്ങള്ക്കിടയില് യുഎഇ പാസ്പോര്ട്ടിന് വീണ്ടും പൊന്തിളക്കം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തിരഞ്ഞെടുക്കപ്പെട്ടു. കൂടുതല് രാജ്യങ്ങളിലേക്ക് വിസാരഹിത പ്രവേശനം ഉള്പ്പെടെയുള്ള യാത്രാ സൗകര്യങ്ങള് മുന്നിര്ത്തിയാണ് ഈ നേട്ടം. ആഗോള ഫിനാന്ഷ്യല് അഡൈ്വസറി സ്ഥാപനമായ ആര്ട്ടണ് ക്യാപിറ്റലിന്റെ ഈ വര്ഷത്തെ പാസ്പോര്ട്ട് ഇന്ഡക്സിലാണ് യുഎഇ ഒന്നാമതെത്തിയത്.
പാസ്പോര്ട്ട് കരുത്തില് സിംഗപ്പൂരിനെയും മലേഷ്യയെയും പിന്നിലാക്കിയാണ് യുഎഇ മുന്പന്തിയിലെത്തിയത്. ലോകത്തെ 182 രാജ്യങ്ങളിലേക്ക് യുഎഇ പാസ്പോര്ട്ട് ഉപയോഗിച്ച് വിസയില്ലാതെയോ അല്ലെങ്കില് ലളിതമായ പ്രവേശന നടപടികളിലൂടെയോ യാത്ര ചെയ്യാനാകും. 182 മൊബിലിറ്റി സ്കോറുള്ള യുഎഇ പാസ്പോര്ട്ട് ഉടമകള്ക്ക് 138 രാജ്യങ്ങളിലേക്ക് പൂര്ണ്ണമായും വിസാരഹിത പ്രവേശനം ലഭിക്കുമ്പോള്, 44 രാജ്യങ്ങളില് എത്തിച്ചേരുമ്പോള് ലഭിക്കുന്ന ഓണ്-അറൈവല്/ഇ-വിസ സംവിധാനങ്ങളുണ്ട്.

സിംഗപ്പൂരും മലേഷ്യയുമാണ് ഇന്ഡക്സില് രണ്ടാം സ്ഥാനത്തുള്ളത്. ബെല്ജിയം, ലക്സംബര്ഗ്, ഫ്രാന്സ്, ജര്മ്മനി, സ്വീഡന്, നോര്വേ, അയര്ലന്ഡ്, ജപ്പാന് തുടങ്ങിയ യൂറോപ്യന്-ഏഷ്യന് രാജ്യങ്ങളുടെ വലിയ നിര നാലാം സ്ഥാനത്താണ് എത്തിനില്ക്കുന്നത്. പട്ടികയില് യുകെ ഏഴാം സ്ഥാനത്ത് തുടരുന്നു. അതേസമയം, പാസ്പോര്ട്ട് ഇന്ഡക്സില് ഇന്ത്യ 72-ാം സ്ഥാനത്താണ്. ഇന്ത്യന് പാസ്പോര്ട്ട് ഉപയോഗിച്ച് നിലവില് 25 രാജ്യങ്ങളിലേക്ക് മാത്രമാണ് മുന്കൂട്ടി വിസയില്ലാതെ സന്ദര്ശനം നടത്താന് സാധിക്കുക.
