Thursday, October 15, 2026

ജോലി സമ്മര്‍ദ്ദവും മാനസിക പ്രയാസങ്ങളും; കെബെക്കില്‍ നഴ്‌സിങ് മേഖല വിട്ട് യുവജനങ്ങള്‍

മണ്‍ട്രിയോള്‍: കെബെക്കില്‍ യുവ ആരോഗ്യപ്രവര്‍ത്തകര്‍ തൊഴില്‍ ഉപേക്ഷിക്കുന്നത് വലിയ ആശങ്കയുയര്‍ത്തുന്നു. 2024-ല്‍ മാത്രം 35 വയസ്സില്‍ താഴെയുള്ള ഏകദേശം രണ്ടായിരത്തോളം (1,931) നഴ്സുമാര്‍ കെബെക്കില്‍ സേവനം അവസാനിപ്പിച്ചതായി മണ്‍്ട്രിയോള്‍ ഇക്കണോമിക് ഇന്‍സ്റ്റിറ്റ്യൂട്ട് (MEI) പുറത്തുവിട്ട പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ‘എവല്യൂഷന്‍ ഓഫ് ദി നഴ്സിംഗ് സപ്ലൈ ഇന്‍ കാനഡ’ പഠനത്തിലാണ് രാജ്യത്തെ മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് കെബെക്കിലെ ആരോഗ്യമേഖലയിലെ പ്രതിസന്ധി ചൂണ്ടികാണിക്കുന്നത്.

2024-ല്‍ ക്യുബെക്കില്‍ ഓരോ 100 പുതിയ നഴ്സുമാര്‍ ജോലിയില്‍ പ്രവേശിക്കുമ്പോഴും 35 വയസ്സില്‍ താഴെയുള്ള 37 പേര്‍ ലൈസന്‍സ് പുതുക്കാതെ മേഖല ഉപേക്ഷിക്കുന്നതായി കണ്ടെത്തി. ദേശീയ ശരാശരിയായ 34-നേക്കാള്‍ കൂടുതലാണിത്. കാനഡയിലെ മിക്ക പ്രവിശ്യകളിലും കോവിഡിന് ശേഷം ജോലി ഉപേക്ഷിക്കുന്ന യുവ നഴ്സുമാരുടെ നിരക്കില്‍ കുറവുണ്ടായെങ്കിലും കെബെക്കില്‍ മാത്രം യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കെബെക്കിലെ നഴ്സിങ് ക്ഷാമം വലിയ തോതില്‍ വര്‍ധിച്ചു. 2015-ല്‍ 1,677 നഴ്സുമാരുടെ കുറവുണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ 8,273-ലധികം നഴ്സുമാരുടെ കുറവാണുള്ളത്.

ആരോഗ്യ മേഖലയിലെ സ്വകാര്യ ഏജന്‍സികളെയും സബ്കോണ്‍ട്രാക്ടര്‍മാരെയും നിയന്ത്രിക്കാനായി പ്രവിശ്യാ സര്‍ക്കാര്‍ കൊണ്ടുവന്ന ‘ബില്‍ 10’ (Bill 10) നിയമനിര്‍മ്മാണമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളിലൊന്നായി ഇന്‍സ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാണിക്കുന്നത്. സ്വകാര്യ ഏജന്‍സികളില്‍ ജോലി ചെയ്യുമ്പോള്‍ ലഭിച്ചിരുന്ന സമയക്രമീകരണത്തിലെ സ്വാതന്ത്ര്യവും വ്യക്തിജീവിതവും ജോലിയും തമ്മിലുള്ള സന്തുലിതാവസ്ഥയും പൊതുമേഖലയില്‍ ലഭിക്കാത്തതാണ് പലരെയും തൊഴില്‍ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നത്.

കൂടാതെ, കനേഡിയന്‍ ഫെഡറേഷന്‍ ഓഫ് നഴ്സസ് യൂണിയന്‍ നടത്തിയ സര്‍വേ പ്രകാരം 53 ശതമാനം നഴ്സുമാരും തീവ്രമായ ജോലി സമ്മര്‍ദ്ദവും (burnout) മാനസിക പ്രയാസങ്ങളും നേരിടുന്നവരാണെന്ന് വ്യക്തമാക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!