ഡല്ഹി: മാസപ്പടി-കൈക്കൂലി കേസില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രതിപക്ഷ നേതാവ് പിണറായി വിജയന് സമന്സ് അയച്ചു. അടുത്ത ആഴ്ച നേരിട്ട് ഹാജരാകാനാണ് നിര്ദ്ദേശം. എന്നാല്, വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലുള്ള പശ്ചാത്തലത്തിലും നിലവില് നിയമസഭാ സമ്മേളനം നടക്കുന്നതിനാലും ഇഡിക്ക് മുന്നില് ഹാജരാകുന്ന കാര്യത്തില് പിന്നീട് തീരുമാനമെടുക്കുമെന്നാണ് സൂചന.
അതിനിടെ, സിഎംആര്എല് (CMRL) കേസില് പിണറായി വിജയന് സമര്പ്പിച്ച ഹരജി അനുഭാവപൂര്വ്വം പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. കേസ് വെക്കേഷന് ബെഞ്ച് പരിഗണിക്കുമോ എന്ന് പരിശോധിച്ച്, ഇല്ലെങ്കില് ഈ മാസം 26-ന് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. തനിക്കെതിരെ അറസ്റ്റ് നടപടികള്ക്ക് സാധ്യതയുണ്ടെന്ന് മുതിര്ന്ന അഭിഭാഷകന് സിദ്ധാര്ത്ഥ് ലൂത്ര മുഖേന പിണറായി വിജയന് കോടതിയെ അറിയിച്ചു. വിഷയത്തില് മന്ത്രി മുഹമ്മദ് റിയാസും വീണാ വിജയനും സുപ്രീം കോടതിയില് ഹര്ജി നല്കിയിട്ടുണ്ട്.

കേസില് എഫ്ഐആര് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി സിംഗിള് ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് ശരിവെച്ചിരുന്നു. സിംഗിള് ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും, തന്റെ ഭാഗം കേള്ക്കാതെ ഏകപക്ഷീയമായാണ് വിധി പ്രസ്താവിച്ചതെന്നുമുള്ള പിണറായിയുടെ വാദം അംഗീകരിക്കാതെ ഹരജി ഡിവിഷന് ബെഞ്ച് തള്ളുകയായിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.
അതേസമയം, കേസില് പിണറായി വിജയന്, മുഹമ്മദ് റിയാസ് എന്നിവര്ക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി ഇഡിയുടെ കണ്ടെത്തലുകളും റിപ്പോര്ട്ടും വിശദമായി പരിശോധിക്കാന് വിജിലന്സ് പ്രത്യേക അന്വേഷണ സംഘം (SIT) തീരുമാനിച്ചു. ഇഡി ശേഖരിച്ച രേഖകളും മൊഴികളും വിജിലന്സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ പരിശോധിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യലിലേക്ക് കടക്കുക. ആദ്യഘട്ടത്തില് സിഎംആര്എല് ഉദ്യോഗസ്ഥരെയും മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെയും ചോദ്യം ചെയ്ത ശേഷമായിരിക്കും പിണറായി വിജയന്, വീണാ വിജയന്, മുഹമ്മദ് റിയാസ് എന്നിവരുടെ മൊഴിയെടുക്കുക. വിജിലന്സ് ഐജിയുടെ ചുമതലയുള്ള ഡിഐജി തോംസണ് ജോസിന്റെ മേല്നോട്ടത്തില് രണ്ട് സംഘങ്ങളായാണ് വിജിലന്സ് അന്വേഷണം പുരോഗമിക്കുന്നത്.
