ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധമായ തിരംഗ മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത് കരുതൽ അറസ്റ്റ് രേഖപ്പെടുത്തിയ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് മന്ദിർ മാർഗ് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്.
കൊണാട്ട് പ്ലേസിൽ ഇന്നലെ നടന്ന തിരംഗ മാർച്ചിന് മുന്നോടിയായി ദീപ്കെയെ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് കരുതൽ അറസ്റ്റ് രേഖപ്പെടുത്തി. മാർച്ച് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് ഇന്നലെ ഉച്ചയോടെ ദീപ്കെയ്ക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നിർദേശം അവഗണിച്ച് പ്രതിഷേധവുമായി മുന്നോട്ടുപോകാൻ ശ്രമിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്.

ദീപ്കെയ്ക്കൊപ്പം ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബോറയെ ഇന്ന് രാവിലെയോടെ വിട്ടയച്ചു. അതേസമയം, ജന്തർ മന്തറിൽ അതിക്രമിച്ചുകയറിയെന്ന കേസിൽ അറസ്റ്റിലായ സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റങ്കയും ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്.
നേരത്തെയും പൊലീസ് കസ്റ്റഡിയിൽ
ഒക്ടോബർ 10ന് ജന്തർ മന്തർ 2.0 പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയപ്പോഴും ദീപ്കെയെ വിമാനത്തിനുള്ളിൽവെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അന്ന്, ഒരു വര്ഷത്തേക്ക് സമാധാനം തടസ്സപ്പെടുത്തുന്ന പ്രവൃത്തികള് ഉണ്ടാക്കില്ലെന്ന് ഉറപ്പുനല്കുന്ന ബോണ്ടില് ഒപ്പിട്ടാണ് പുറത്തിറങ്ങിയത്. ക്രമസമാധാനം തടസ്സപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തവണ ദീപ്കെയെ കസ്റ്റഡിയിലെടുത്ത് കരുതൽ അറസ്റ്റ് രേഖപ്പെടുത്തിയത്.
