തിരുവനന്തപുരം: മുനമ്പം ഭൂവിഷയം നിലവിൽ വഖഫ് ബോർഡിന്റെ പരിഗണനയിലില്ലെന്നും കോടതിയും സർക്കാരും എടുക്കുന്ന തീരുമാനത്തെ ബോർഡ് പിന്തുണയ്ക്കുമെന്നും വഖഫ് ബോർഡ് ചെയർമാൻ എം.സി. മായിൻ ഹാജി. മുനമ്പം നിവാസികളെ പുറത്താക്കണമെന്ന നിലപാട് തനിക്കില്ലെന്നും അവരോട് മാനുഷിക പരിഗണന വേണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ കേസിലെ വാദഗതികളെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നതിൽ പരിമിതികളുണ്ടെന്നും ബോർഡ് ചെയർമാൻ എന്ന നിലയിൽ ഇക്കാര്യത്തിൽ പരസ്യമായി പ്രതികരിക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു.
മുനമ്പം വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാരും കോടതിയുമാണെന്ന് വ്യക്തമാക്കിയ മായിൻ ഹാജി, അവർ എടുക്കുന്ന തീരുമാനത്തെ വഖഫ് ബോർഡ് പിന്തുണയ്ക്കുമെന്നും കൂട്ടിച്ചേർത്തു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മുനമ്പം ഭൂമി പ്രശ്നം: വഖഫ് ബോർഡ് നിലപാട്
മുനമ്പം നിവാസികളെ പുറത്താക്കുക എന്ന നിലപാട് എനിക്ക് ഇല്ല. അവരോട് മാനുഷികമായ പരിഗണന ഉണ്ടാകണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. ഇത് സംബന്ധിച്ച വിഷയം ഇപ്പോൾ ബോർഡിന്റെ പരിഗണനയിൽ ഇല്ല. കോടതിയുടെ പരിഗണനയിലാണ്, തീരുമാനമെടുക്കേണ്ടതും കോടതിയാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിലെ വാദഗതികൾ സംബന്ധിച്ച് ഇപ്പോൾ പ്രതികരിക്കുന്നത് ബോർഡ് ചെയർമാൻ എന്ന നിലയിൽ സബ്ജുഡീസ് ആണ്. സർക്കാരിനും കോടതിക്കുമാണ് ഇപ്പോൾ മുനമ്പം വിഷയത്തിൽ തീരുമാനമെടുക്കാൻ അധികാരം. സർക്കാരോ കോടതിയോ എടുക്കുന്ന തീരുമാനത്തെ വഖഫ് ബോർഡ് പിന്തുണയ്ക്കും.
