Tuesday, October 20, 2026

‘പാരിസ് ഉടന്‍ തന്നെ മുസ്ലിം നഗരമാകും’: ഫ്രാന്‍സിലെ പ്രക്ഷോഭങ്ങളില്‍ ട്രംപ്

വാഷിങ്ടണ്‍: ഫ്രഞ്ച് തലസ്ഥാനമായ പാരിസ് വൈകാതെ ഒരു മുസ്ലിം നഗരമായി മാറുമെന്ന് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫ്രാന്‍സില്‍ ഉടലെടുത്ത രൂക്ഷമായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ വാഷിങ്ടണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രാന്‍സിലെ ക്രമസമാധാന തകര്‍ച്ചയ്ക്കും അക്രമങ്ങള്‍ക്കും കാരണം നിയന്ത്രണമില്ലാത്ത കുടിയേറ്റമാണെന്ന ആരോപണം അദ്ദേഹം ആവര്‍ത്തിച്ചു. അതിര്‍ത്തികള്‍ പൂര്‍ണ്ണമായി അടച്ചുപൂട്ടി കുടിയേറ്റം നിയന്ത്രിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോടും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളോടും ട്രംപ് ആവശ്യപ്പെട്ടു.

ഫ്രാന്‍സില്‍ ഇപ്പോള്‍ നടക്കുന്നത് സ്‌കൂളുകളെയോ മറ്റ് ഭരണപരമായ വിഷയങ്ങളെയോ സംബന്ധിച്ചല്ല, മറിച്ച് കേവലം കുടിയേറ്റം കാരണം മാത്രമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. അതിര്‍ത്തികള്‍ പൂര്‍ണ്ണമായി അടയ്ക്കണമെന്ന് താന്‍ ഇമ്മാനുവല്‍ മാക്രോണിനോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ആളുകളെ തടസ്സമില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചതിലൂടെ വലിയൊരു തെറ്റാണ് ഫ്രാന്‍സ് വരുത്തിവെച്ചതെന്ന് പണ്ട് തന്നെ താന്‍ മാക്രോണിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു.

‘പാരിസ് നഗരം വൈകാതെ തന്നെ ഒരു മുസ്ലിം നഗരമായി മാറും. യൂറോപ്പ് അതിര്‍ത്തികള്‍ അടയ്ക്കുകയും, പ്രതിഷേധങ്ങളുടെ മറവില്‍ അക്രമം നടത്തുന്ന കുറ്റവാളികളെ പുറത്താക്കുകയും ചെയ്തില്ലെങ്കില്‍ യൂറോപ്പിന്റെ ഭാവി തന്നെ അപകടത്തിലാകും,’ ട്രംപ് മുന്നറിയിപ്പ് നല്‍കി.

ജീവിതച്ചിലവ് വര്‍ധിച്ചതിനെതിരെ പാരിസ് ഉള്‍പ്പെടെയുള്ള ഫ്രഞ്ച് നഗരങ്ങളില്‍ ആരംഭിച്ച ജനകീയ റാലികളാണ് പിന്നീട് വ്യാപക അക്രമങ്ങളിലേക്കും തീവെപ്പിലേക്കും വഴിമാറിയത്. അടുത്ത കാലത്തൊന്നും ഫ്രാന്‍സ് കണ്ടിട്ടില്ലാത്ത വിധമുള്ള അക്രമസംഭവങ്ങളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പാരിസ് അടക്കമുള്ള പ്രധാന നഗരങ്ങളില്‍ പ്രാദേശിക കര്‍ഫ്യൂവും കര്‍ശന നിയന്ത്രണങ്ങളും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!